സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥികളടക്കം 30 പേർക്കു പരിക്ക്
Sunday, April 13, 2025 1:26 AM IST
ശ്രീകണ്ഠപുരം: മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വളക്കൈ കൊയ്യത്ത് സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥികളടക്കം 30 പേർക്കു പരിക്കേറ്റു.
മർക്കസ് സ്കൂളിന്റെ ബസ് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റ 17 പേരെ കണ്ണൂർ എകെജി ആശുപത്രിയിലും മറ്റുള്ളവരെ മയ്യിൽ സിഎച്ച്സിയിലും പ്രവേശിപ്പിച്ചു.
ഇതിൽ കാലിനും കൈക്കും സാരമായി പരിക്കേറ്റ ജുനൈദിനെ (14) കണ്ണൂർ എകെജി ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്കുശേഷം ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളക്കൈ-കൊയ്യം-മയ്യിൽ റോഡിൽ കൊയ്യത്തെ പുതിയ റോഡിലെ വളവിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് തലകീഴായി മറിയുകയായിരുന്നു. വാഹനം മരത്തിൽ തടഞ്ഞുനിന്നതിനാലാണ് വലിയ അപകടം ഒഴിവായത്. 28 വിദ്യാർഥികളും നാലു മുതിർന്നയാളുകളുമാണ് ബസിലുണ്ടായിരുന്നത്.