ഫാ. കുര്യന് വലിയമംഗലം: ഓര്‍മയായത് മാതൃകാ മിഷനറി
Saturday, April 12, 2025 2:27 AM IST
മേലമ്പാറ: വാക്കിലും പ്രവൃത്തിയിലും മാതൃകാ മിഷനറിയായി ജീവിക്കുകയും തന്റെ ജീവിത ലാളിത്യവും എളിമയുംകൊണ്ട് വിശുദ്ധ ജീവിതം നയിക്കുകയും ചെയ്ത വൈദികനാണ് കഴിഞ്ഞ ദിവസം ഓര്‍മയായ ഫാ. കുര്യന് വലിയമംഗലം എംഎസ്ടി.
സെന്റ് തോമസ് മിഷനറി സമൂഹം സ്ഥാപിതമായപ്പോള്‍ തന്നിലെ പ്രേഷിതവിളി തിരിച്ചറിഞ്ഞ അദ്ദേഹം അതില്‍ അംഗമാകുകയും 1960കളില്‍ വടക്കേ ഇന്ത്യയിലേക്ക് പ്രേഷിത പ്രവര്‍ത്തനത്തിന് യാത്രയാവുകയും ചെയ്തു.
അവിടത്തെ ഭാഷയും ജീവിതരീതികളും പെട്ടെന്നു സ്വായത്തമാക്കിയ അദ്ദേഹം അവരില്‍ ഒരുവനായി ജീവിച്ചു. ഗ്രാമങ്ങളില്‍ അവരുടെ സൗകര്യങ്ങളില്‍ ജീവിച്ച് ക്രിസ്തുവിന്റെ സന്ദേശം പകര്‍ന്നു നല്കി.
ആശ്രമജീവിതം ആഗ്രഹിച്ച അദ്ദേഹം ഉജ്ജയിനി അടുത്തുള്ള ബെച്ചുഖേഡാ എന്ന ഗ്രാമത്തില്‍ ജയ് ശ്ലീവാ എന്ന ആശ്രമം സ്ഥാപിച്ച് ഗ്രാമവാസികളുടെ ഗുരുവിനെ പോലെ ജീവിച്ചു.
ഇന്നും അനേകം ഗ്രാമവാസികള്‍ അദ്ദേഹത്തെ പിതാവിനെപ്പോലെ കണ്ട് സ്നേഹിക്കുകയും രോഗാവസ്ഥയില്‍ പല തവണ കേരളത്തില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തുകയും ചെയ്തു.
എംഎസ്ടിയുടെയും മറ്റു പല ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും അദ്ദേഹം ആധ്യാത്മിക പിതാവായി നിയമിതനായി. കഴിഞ്ഞ മൂന്നര വര്‍ഷമായി കഴുത്തിന് താഴേക്കുള്ള ചലനം നഷ്ടപ്പെട്ടു ഒരേ കിടപ്പു കിടന്നിട്ടും നാളിതുവരെ ആരോടും ഒരു പരാതിയും പറയാതെ ജീവിച്ചത് സഹനജീവിതം കൊണ്ടും അദ്ദേഹം അനേകര്‍ക്ക് നേര്‍സാക്ഷ്യമായി.
വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ജീവിതംകൊണ്ടും മിഷനറി പുരോഹിതനായി ജീവിച്ച അദ്ദേഹം അനേകരുടെ ജീവിതത്തില്‍ നല്ല മാതൃകകൾ ബാക്കിയാക്കി തന്റെ തൊണ്ണൂറാം വയസിലാണ് സ്വര്‍ഗസമ്മാനത്തിനായി യാത്രയായത്. ഫാ. കുര്യന് വലിയമംഗലം എംഎസ്ടിയുടെ സംസ്കാരം ഇന്ന് 1.30 ന് എംഎസ്ടിയുടെ കേന്ദ്ര ഭവനമായ മേലമ്പാറ ദീപ്തി ഭവനില്‍ നടക്കും.
മൃതദേഹം ഇന്നു രാവിലെ 6.30ന് കളത്തൂക്കടവ് വിശുദ്ധ ജോണ്‍ വിയാനി പള്ളിയിലും തുടര്‍ന്ന് 8.30ന് മേലമ്പാറ ദീപ്തി ഭവനിലും പൊതുദര്‍ശനത്തിന് വയ്ക്കും.