ഉരുൾപൊട്ടൽ ദുരന്തം: ജീവിതവും വരുമാനവും നഷ്ടപ്പെട്ടവരെ സഹായിക്കണം; കേന്ദ്രസര്‍ക്കാരിനോടു ഹൈക്കോടതി
Friday, April 11, 2025 3:28 AM IST
കൊച്ചി: വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്രസര്‍ക്കാരും ദേശീയ ദുരന്തനിവാരണ അഥോറിറ്റിയും വിവേചനാധികാരം പ്രയോഗിക്കണമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഇടക്കാല ഉത്തരവിലാണ് കോടതി ഈയാവശ്യം ആവർത്തിച്ചത്.
ബാങ്ക് വായ്പ എഴുതിത്തള്ളാന്‍ നിര്‍ദേശിക്കാന്‍ കേന്ദ്ര ദുരന്തനിവാരണ അഥോറിറ്റിക്ക് അവകാശമുണ്ട്. ഇക്കാര്യം അവര്‍ പരിശോധിക്കണം.
വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ജീവിതവും വരുമാനവും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാരിനു ബാധ്യതയുണ്ട്.
എഴുതിത്തള്ളേണ്ടത് വലിയ തുകയല്ലെന്നും അനുഭാവപൂര്‍ണമായ സമീപനമാണ് വയനാട് ദുരന്തബാധിതരോട് കേന്ദ്രസര്‍ക്കാരിന്റെയും ബാങ്കുകളുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും ഇടക്കാല ഉത്തരവിലുണ്ട്.
വായ്പ എഴുതിത്തള്ളാനാകില്ല; മോറട്ടോറിയം മാത്രം: കേന്ദ്രസര്‍ക്കാര്‍
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്നും മോറട്ടോറിയം അനുവദിക്കാനേ കഴിയൂ എന്നും ഹൈക്കോടതിയില്‍ ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍.
കോവിഡ് കാലത്തുപോലും ചെയ്തിട്ടില്ലാത്ത വായ്പ എഴുതിത്തള്ളല്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ കാര്യത്തിലും സാധ്യമല്ല.
ദുരന്തമേഖലയിലുള്ളവരുടെ വായ്പകള്‍ക്കു മോറട്ടോറിയം ഏര്‍പ്പെടുത്താനാകും. വായ്പയുമായി ബന്ധപ്പെട്ട കാര്യത്തില്‍ റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ വായ്പാ പുനഃക്രമീകരണമാണു പ്രായോഗികം -കേന്ദ്രസർക്കാർ വ്യക്തമാക്കി.
വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം നല്കാന് ധാരണയായെന്ന് കഴിഞ്ഞയാഴ്ച വയനാട് പുനരധിവാസം സംബന്ധിച്ച കേസ് പരിഗണിക്കവേ കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വായ്പ എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കാനാകുമോയെന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍, കോവിഡ് പോലെയല്ല വയനാട്ടിലെ സാഹചര്യമെന്നും ദുരന്തബാധിതരുടെ വീടും സ്വത്തുക്കളുമെല്ലാം നഷ്ടപ്പെട്ടുവെന്നത് പരിഗണിക്കണമെന്നും ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എസ്. ഈശ്വരന് എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് ചൂണ്ടിക്കാട്ടി. ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് പ്രകാരം ദേശീയ ദുരന്തനിവാരണ അഥോറിറ്റിക്ക് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനാകും.
കേരള ബാങ്ക് 4.98 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയിട്ടുണ്ട്. തീവ്രദുരന്തമായി കേന്ദ്രസര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വായ്പ എഴുതിത്തള്ളുന്ന കാര്യം പരിശോധിക്കണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
12 ബാങ്കുകള്‍ 3220 അക്കൗണ്ടുകളിലൂടെ 35.30 കോടിയോളം രൂപയാണ് ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ വായ്പ നല്‍കിയിരിക്കുന്നത്. കേരള ഗ്രാമീണ്‍ ബാങ്ക് 15.44 കോടിയോളം രൂപ നല്‍കിയിട്ടുണ്ട്.
അതിനിടെ, ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ 15ന് ആരംഭിക്കുമെന്ന് ദുരന്തനിവാരണ അഥോറിറ്റി ഹൈക്കോടതിയെ അറിയിച്ചു.
കേന്ദ്രത്തിന്റെ വാദം തള്ളി സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: വയനാട്ടിലെ ദുരിതബാധിതരുടെ വായ്പകള്‍ക്കു മോറട്ടോറിയം നല്‍കുന്നതിനെ സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലിച്ചുവെന്ന കേന്ദ്രസര്‍ക്കാര്‍ വാദം സംസ്ഥാന സര്‍ക്കാര്‍ തള്ളി. യോഗത്തിന്റെ മിനുട്സ് സഹിതമാണു സര്‍ക്കാര്‍ വിശദീകരണ പത്രിക സമര്‍പ്പിച്ചത്.
വായ്പകള്‍ തത്കാലത്തേക്ക് പുനഃക്രമീകരിക്കാമെന്നും വായ്പ എഴുതിത്തള്ളുന്ന കാര്യം ബോര്‍ഡുകളുമായി ചര്‍ച്ചചെയ്യാന്‍ സാവകാശം വേണമെന്നുമാണ് കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന യോഗത്തില്‍ ബാങ്കുകള്‍ അറിയിച്ചത്. ഇത് അംഗീകരിക്കുക മാത്രമാണുണ്ടായത്.
കിടപ്പാടമടക്കം നഷ്ടപ്പെട്ടവരുടെ വായ്പകള്‍ക്കു മോറട്ടോറിയം അനുവദിക്കുന്നത് ആശ്വാസനടപടിയല്ലെന്ന് യോഗത്തില്‍ ആസൂത്രണ, റവന്യു സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ദുരിതാശ്വാസം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കേരളം നല്കിയ നിവേദനത്തിലും വായ്പകള്‍ എഴുതിത്തള്ളുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.