വന്യജീവി ആക്രമണം; "സവിശേഷ ദുരന്തം’ ഉത്തരവിലൊതുങ്ങി
Saturday, April 12, 2025 2:28 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: അതിരൂക്ഷമായ വന്യജീവി ആക്രമണത്തെ "സംസ്ഥാന സവിശേഷ ദുരന്ത'മായി പ്രഖ്യാപിച്ചത് ഉത്തരവിലൊതുങ്ങി. 2024 മാര്‍ച്ച് ഏഴിനാണ് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
എന്നാൽ, തുടര്‍നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കാത്തതിനാല്‍ ഇരകള്‍ക്ക് അര്‍ഹമായ സഹായം ഇതുവരെ കിട്ടിയിട്ടില്ല. പ്രഖ്യാപനം നടപ്പാക്കാനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍, മാനദണ്ഡങ്ങള്‍, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ്ഒപി) എന്നിവ പുറത്തിറക്കുന്നതിലാണു കാലതാമസം.
കര്‍ഷകസംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അടുത്തിടെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നെങ്കിലും അന്തിമ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഉത്തരവ് ഇനിയും പുറത്തിറങ്ങിയിട്ടില്ല.
ദുരന്തനിവാരണ ഫണ്ടുകൂടി ഉള്‍പ്പെടുത്തി വന്യജീവി ആക്രമണങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്. ഇനി ദുരന്തനിവാരണ അഥോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണു തുടര്‍നടപടി സ്വീകരിക്കേണ്ടത്.
മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സംബന്ധിച്ച് ഇംഗ്ലീഷില്‍ തയാറാക്കിയ ഫയൽ ദുരന്തനിവാരണ അഥോറിറ്റി മുഖ്യമന്ത്രിക്കു നല്‍കിയിരുന്നു. ഇതു മലയാളത്തിലാക്കി നല്കാന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഫയല്‍ മടക്കിയതായാണു വിവരം.
മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് മലയാളം റിപ്പോര്‍ട്ട് തയാറാക്കുന്നതിലാണു കാലതാമസം നേരിടുന്നത്.സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുള്ള ജീവഹാനിക്കും കഷ്ടനഷ്ടങ്ങള്‍ക്കും നല്കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിച്ച് ഏറ്റവും അവസാനം സര്‍ക്കാര്‍ ഉത്തരവിട്ടത് 2018 ഏപ്രില്‍ 15നാണ്. അതു പ്രകാരം വന്യജീവി ആക്രമണങ്ങളില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഈ തുക പിന്നീട് കേന്ദ്രം വകയിരുത്തി നല്കുകയാണു ചെയ്യുന്നത്.
വന്യജീവി ആക്രമണത്തെ "സവിശേഷ ദുരന്ത'മായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വന്നാല്‍ കേന്ദ്രസഹായത്തിനു പുറമെ, ദുരന്തനിവാരണ അഥോറിറ്റിയുടെ നാലു ലക്ഷം രൂപയും ചേര്‍ത്ത് 14 ലക്ഷം രൂപ ലഭിക്കും.
പാമ്പ്, കടന്നല്, തേനീച്ച എന്നിവയുടെ ആക്രമണത്തില്‍ മരിക്കുന്നവര്‍ക്ക് ഇപ്പോള്‍ രണ്ടു ലക്ഷം രൂപയാണു നല്‍കുന്നത്. ദുരന്തനിവാരണ ഫണ്ടില്‍നിന്നുള്ള നാലു ലക്ഷം രൂപകൂടി ചേര്‍ക്കുമ്പോള്‍ നഷ്ടപരിഹാരം ആറു ലക്ഷമായി ഉയരും. വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശം, വളര്‍ത്തുമൃഗങ്ങള്‍ക്കുണ്ടാകുന്ന നാശം എന്നിവയ്ക്കുള്ള നഷ്ടപരിഹാരവും ദുരന്തനിവാരണ നിയമപ്രകാരം വര്‍ധിക്കും.
തുടര്‍നടപടികള്‍ വൈകിയ സാഹചര്യത്തില്‍ മുന്‍കാല പ്രാബല്യത്തോടെ നഷ്ടപരിഹാരത്തുക കണക്കാക്കണമെന്ന ആവശ്യം കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്. അതിനിടെ, അധികം വൈകാതെ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഉത്തരവ് പുറത്തിറങ്ങുമെന്നും തുടര്‍ച്ചയായ അവധിദിവസങ്ങള്‍ കാരണമാണു നടപടി വൈകുന്നതെന്നുമാണു ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥരുടെ പ്രതികരണം.