ഇറിഡിയം തട്ടിപ്പ്: മൂന്നു പ്രതികള്‍ അറസ്റ്റില്‍
Sunday, April 13, 2025 1:26 AM IST
ഇരിങ്ങാലക്കുട: ഇറിഡിയം തട്ടിപ്പുകേസിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. മാപ്രാണം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇറിഡിയം ലോഹത്തിന്റെ ബിസിനസ് ചെയ്ത് പണം നല്‍കാമെന്നു വിശ്വസിപ്പിച്ച് 2018 ഓഗസ്റ്റ് മുതല്‍ 2019 ജനുവരി വരെ പലതവണകളായി 31,000 രൂപവാങ്ങി തിരികെനല്‍കാതെ തട്ടിപ്പുനടത്തി എന്നാണ് കേസ്.
പെരിഞ്ഞനം സ്വദേശി പാപ്പുള്ളി വീട്ടില്‍ ഹരിസ്വാമി എന്നു വിളിക്കുന്ന ഹരിദാസന് (52), ഇയാളുടെ സഹോദരി ഇരിങ്ങാലക്കുട താണിശ്ശേരി മണമ്പുറക്കല് വീട്ടില്‍ ജിഷ (45), മാപ്രാണം വെട്ടിയാട്ടില്‍ വീട്ടില്‍ പ്രസീദ സുരേഷ് (46) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.
ഹരിദാസന് താന്‍ കോല്‍ക്കത്തയിലെ ഒരു മഠത്തിന്റെ മഠാധിപതി ആവാന്‍ പോവുകയാണെന്നു പ്രചരിപ്പിച്ചിരുന്നു. ബാങ്കുകളില്‍ അനാഥമായി കിടക്കുന്ന പണം പാവങ്ങളിലേക്ക് എത്തിക്കുന്നതിനായി ട്രസ്റ്റ് രൂപീകരിച്ച് ഉയര്‍ന്ന ലാഭവിഹിതം നല്‍കാമെന്നും, ഇറിഡിയം ലോഹം വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും അതിന്റെ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പണം തിരികെനല്‍കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പുനടത്തിയത്.