കുസാറ്റ് വിദ്യാർഥികൾ വികസിപ്പിച്ച വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനത്തിന് പേറ്റന്റ്
Saturday, April 12, 2025 2:26 AM IST
കളമശേരി: കൊച്ചി ശാസ്ത്ര- സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ബിടെക് വിദ്യാർഥികൾ ബിരുദപഠനത്തോടൊപ്പം വികസിപ്പിച്ചെടുത്ത വെള്ളപ്പൊക്ക മുന്നറിയിപ്പു സംവിധാനത്തിന് പേറ്റന്റ്.
ഐഒടി അടിസ്ഥാനമാക്കിയ ഡ്രെയിനേജ് മോണിറ്ററിംഗ് ആൻഡ് വെള്ളപ്പൊക്ക മുന്നറിയിപ്പു സംവിധാനത്തിനാണ് (ഡിഎംഎഫ്എസ്) പേറ്റന്റ് അനുവദിച്ചത്. കുസാറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിരുദവിദ്യാർഥികൾ പേറ്റന്റ് നേടുന്നത്.
ബിടെക് ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽനിന്നുള്ള സോണി കെ. മാർട്ടിൻ, ടി.ജെ. അനന്തു, ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിൽനിന്നുള്ള ജോയൽ കുസ്മോസ് എന്നിവർ ചേർന്നാണ് ഈ സംരംഭം വികസിപ്പിച്ചത്. ഡോ. എം.ബി. സന്തോഷ് കുമാർ, അസോസിയേറ്റ് പ്രഫ. ഡോ. ഡലീഷ എം. വിശ്വനാഥൻ എന്നിവരാണു വിദ്യാർഥികൾക്കു മാർഗനിർദേശങ്ങൾ നൽകിയത്.
ഡിഎംഎഫ്എസ് എന്നതു നഗരപ്രദേശങ്ങളിൽ ഡ്രെയിനേജ് നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനായി രൂപകല്പന ചെയ്ത ഒരു സ്കെയിലബിൾ സംവിധാനമാണ്. കൊച്ചി പോലുള്ള വെള്ളപ്പൊക്കസാധ്യതയുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ടാണു സംരംഭം വികസിപ്പിച്ചത്.
നഗരപ്രദേശങ്ങളിലെ അതിശക്തമായ മഴയിലൂടെ സംഭവിക്കുന്ന ആകസ്മിക വെള്ളപ്പൊക്കങ്ങളെ പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഈ സംവിധാനം റിയൽ ടൈം ജലനിരപ്പ് നിരീക്ഷണത്തിനായി ഐഒടി സെൻസറുകൾ ഉപയോഗിക്കുന്നു. ക്ലൗഡിൽ ഡാറ്റ പ്രോസസ് ചെയ്ത് മുൻകൂട്ടി നിശ്ചയിച്ച പരിധികളുമായി താരതമ്യം ചെയ്യുന്നു, അതിലൂടെ വെള്ളപ്പൊക്ക സാധ്യതയും ഡ്രെയിനേജ് തടസങ്ങളും കണ്ടെത്താൻ സാധിക്കുന്നു.
സെൻസറുകളുടെ സഹായത്തിലൂടെ ജലപ്രവാഹത്തിലെ അസാധാരണമായ മാറ്റങ്ങൾ തിരിച്ചറിയാനും അധികാരികളിലേക്ക് തത്സമയ മുന്നറിയിപ്പുകൾ നൽകാനും ഈ സംവിധാനം ഉപകരിക്കും.