ദേശീയപാത നിര്‍മാണം; ആര്ബിട്രേഷന് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
Saturday, April 12, 2025 2:27 AM IST
കൊച്ചി: ദേശീയപാതാ നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ആര്ബിട്രേഷന് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കാനാണു ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
കളക്ടറുടെ നേതൃത്വത്തില്‍ അപേക്ഷ തീര്‍പ്പാക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അതിന് സ്വാതന്ത്ര്യമുണ്ടാകുമെന്നും കോടതി പറഞ്ഞു. അപേക്ഷകളുടെ ആധിക്യം മൂലം കളക്ടര്‍മാര്‍ കക്ഷികളെ വേണ്ടവിധം കേള്‍ക്കാതെ തീര്പ്പുണ്ടാക്കുന്നതിനാല് ആര്ബിട്രേഷന് നടപടികള്‍ നീതിപൂര്‍വമല്ലെന്നു ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശികളായ എം.കെ. യൂസഫും കെ.സി. ചന്ദ്രമോഹനുമടക്കം നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ജില്ലാ കളക്ടര്‍മാര്‍ ആര്ബിട്രേറ്ററായുള്ള സംവിധാനത്തില്‍ 20,213 പരാതികള്‍ കെട്ടിക്കിടക്കുകയാണെന്നും ഏറ്റവും തിരക്കുള്ള കളക്ടര്‍മാര്‍ക്ക് സമയബന്ധിതമായി ഇവ തീര്‍ക്കാനാകില്ലെന്നും കോടതി വിലയിരുത്തി.
ഭൂവുടമകളെ വേണ്ടവിധം കേള്‍ക്കാനാകാതെ വരുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബദല്‍ സംവിധാനം സാധ്യമാകുമോയെന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.