കൂടുതൽ മദ്യനിർമാണ യൂണിറ്റുകൾ തുടങ്ങാൻ വ്യവസ്ഥ: മന്ത്രി രാജേഷ്
Friday, April 11, 2025 3:28 AM IST
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിലേതുപോലെ കൂടുതൽ മദ്യനിർമാണ യൂണിറ്റുകൾ തുടങ്ങാൻ മദ്യനയത്തിൽ വ്യവസ്ഥയുണ്ടെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. 2025-26 ലെ സർക്കാരിന്റെ മദ്യനയം പ്രഖ്യാപിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് കള്ളുഷാപ്പുകളുടെ ദൂരപരിധി 400 മീറ്ററിൽ നിന്നു കുറയ്ക്കുന്നത് ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രി പറഞ്ഞു. കള്ളുഷാപ്പുകളെ നവീകരിക്കുകയും കള്ള് കേരളത്തിന്റെ തനതു പാനീയമാക്കുകയുമാണു സർക്കാരിന്റെ നയം. മദ്യവർജനവും ലഹരിവ്യാപനം തടയലുമാണു ലക്ഷ്യമിടുന്നത്. രാസ ലഹരി ഉൾപ്പെടെ തടയാനുള്ള പ്രതിരോധം തീർക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികൾ സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്.
സകുടുംബം നല്ല ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഇടമാക്കി ഷാപ്പുകളെ മാറ്റും. ഇങ്ങനെയുള്ള കള്ള് ഷാപ്പുകൾക്കു ബാർ ഹോട്ടലുകളുടെ മാതൃകയിൽ ക്ലാസിഫിക്കേഷനും ഏർപ്പെടുത്തും. വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള ടൂറിസം കേന്ദ്രങ്ങളിൽ ത്രീ സ്റ്റാറും അതിനു മുകളിൽ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്കും കള്ള് ഷാപ്പുകൾക്കും അനുമതി നൽകും.
ആ ഹോട്ടലുകൾ സ്ഥിതി ചെയ്യുന്ന എക്സൈസ് റേഞ്ച് പരിധിയിലെ ഷാപ്പുകളിൽനിന്നു കള്ള് ശേഖരിക്കാം. ഇതിന് എക്സൈസ് സിഐയുടെ പെർമിറ്റ് വാങ്ങണം. ഒരു ലിറ്ററിനു രണ്ടു രൂപ നിരക്കിലാവും ഫീസ്. ടൂറിസ്റ്റുകൾക്കു മാത്രമാവും ഇവിടെ കള്ള് വിൽക്കാൻ അനുമതിയെന്നും മന്ത്രി പറഞ്ഞു.
കള്ളുഷാപ്പുകളുടെ നടത്തിപ്പു ചുമതല കള്ള് വ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളി സംഘങ്ങളെ ഏല്പിക്കും. ത്രീസ്റ്റാർ മുതൽ മുകളിലേക്കു ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഇതേതരത്തിൽ കള്ള് വാങ്ങി പൊതുജനത്തിന് വില്പന നടത്താമെന്നും മന്ത്രി വ്യക്തമാക്കി.
ഒന്നാം തീയതിയിലെ ഡ്രൈ ഡേയിൽ നിബന്ധനകൾക്കു വിധേയമായി വിദേശ മദ്യം വിളന്പാൻ ഏകദിന പെർമിറ്റ് അനുവദിക്കും.
ബിസിനസ് സമ്മേളനങ്ങൾ, അന്താരാഷ്ട്ര കോണ്ഫറൻസുകൾ, വിവാഹ കൂടിച്ചേരലുകൾ എന്നിവയുടെ ഭാഗമായി ത്രീസ്റ്റാറിനും മുകളിലേക്കുമുള്ള ഹോട്ടലുകൾ, ഹെറിറ്റേജ്, ക്ലാസിക് റിസോർട്ടുകൾ എന്നിവിടങ്ങളിൽ ഒന്നാംതീയതിയും മദ്യം വിളന്പാം.
ഇതിന് 50,000 രൂപ നൽകി പ്രത്യേക പെർമിറ്റ് എടുക്കണം. ഏഴുദിവസംമുന്പ് അപേക്ഷിക്കണം. അതേസ മയം, ഒന്നാംതീയതി ഒഴികെയുള്ള നിയമാനുസൃത ഡ്രൈ ഡേകളിൽ ഇളവില്ലെന്നും മന്ത്രി പറഞ്ഞു.