പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമം: നഷ്ടം നേതാക്കളുടെ സ്വത്ത് വിറ്റ് ഈടാക്കണമെന്ന് ഹൈക്കോടതി
Friday, April 11, 2025 3:28 AM IST
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ മിന്നല്‍ ഹര്‍ത്താലിനോടനുബന്ധിച്ചുണ്ടായ അക്രമങ്ങളില്‍ കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം നേതാക്കളുടെയും ഭാരവാഹികളുടെയും സ്വത്ത് വിറ്റ് ഈടാക്കണമെന്ന് ഹൈക്കോടതി.
നഷ്ടപരിഹാരമായി നിശ്ചയിച്ചിട്ടുള്ള 3.94 കോടി രൂപ കൈമാറാന്‍ ആറാഴ്ചയ്ക്കകം നടപടി സ്വീകരിക്കണമെന്നും ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് ഉത്തരവിട്ടു.
ആദ്യം പോപ്പുലര്‍ ഫ്രണ്ടിന്റെ പേരിലുള്ള സ്വത്ത് വിറ്റ് തുക ഈടാക്കണം. തുടര്‍ന്ന് ദേശീയ, സംസ്ഥാന, ജില്ല, പ്രാദേശിക നേതാക്കളുടെ പേരിലെ സ്വത്തുവില്പന നടത്തണം.
3.94 കോടി രൂപയിലധികമുള്ള സ്വത്തുകള്‍ ജപ്തി ചെയ്തിട്ടുണ്ടെങ്കില്‍ ശേഷിക്കുന്ന തുക നടപടിക്രമങ്ങള്‍ പാലിച്ച് ആറാഴ്ചയ്ക്കുശേഷം തിരിച്ചുനല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു. ക്ലെയിംസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കോടതി ഉത്തരവ്.
മിന്നല്‍ ഹര്‍ത്താല്‍ നടത്തുന്നത് നേരത്തേ കോടതി വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് 2002ല്‍ പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍ നടത്തിയതിനെത്തുടര്‍ന്ന് കോടതി സ്വമേധയാ ഇടപെട്ടു വിഷയം പരിഗണിച്ചത്. ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടം ഈടാക്കാനായി പോപ്പുലര്‍ ഫ്രണ്ടിന്റെയും നേതാക്കളുടെയും സ്വത്ത് ജപ്തി ചെയ്യാന്‍ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.