പാതിവില തട്ടിപ്പുകേസ്; രാഷ്ട്രീയ നേതാക്കളെ ചോദ്യംചെയ്യും
Friday, April 11, 2025 3:28 AM IST
കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കളിലേക്കും ക്രൈംബ്രാഞ്ച് അന്വേഷണം.
തെരഞ്ഞെടുപ്പുഫണ്ടിലേക്ക് ഡീന്‍ കുര്യാക്കോസ് എംപി, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് എന്നിവര്‍ക്കു പണം നല്‍കിയെന്ന് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഇതിനു പുറമെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനെയും ചോദ്യം ചെയ്യും.
ഡീന്‍ കുര്യാക്കോസ് എംപിക്ക് 40 ലക്ഷം രൂപയും സി.വി. വര്‍ഗീസിന് 25 ലക്ഷം രൂപയും കൈമാറിയെന്നാണ് അനന്തുവിന്റെ മൊഴി. കേസിന്റെ ആദ്യഘട്ടത്തില്‍ ആരോപണവിധേയരായ രാഷ്ട്രീയക്കാരെ അന്വേഷണപരിധിയില്‍ കൊണ്ടുവരേണ്ട എന്ന നിലപാടിലായിരുന്നു ക്രൈംബ്രാഞ്ച്.
അനന്തുവുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും ഇല്ലെന്നാണ് ഇരുനേതാക്കളുടെയും വിശദീകരണം. അതേസമയം അനന്തുവിന്റെ ബാങ്ക് രേഖകളടക്കം പരിശോധിച്ച അന്വേഷണസംഘം പണമിടപാട് സംബന്ധിച്ച രേഖകള്‍ ശേഖരിച്ചതായാണു വിവരം. ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് രാഷ്ട്രീയനേതാക്കളുടെ മൊഴിയെടുക്കുന്നത്.
അനന്തുവുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് എ.എന്‍. രാധാകൃഷ്ണനെയും ചോദ്യം ചെയ്യുക. അനന്തു കൃഷ്ണന്റെ അക്കൗണ്ടുകളിലേക്ക് എ.എന്‍. രാധാകൃഷ്ണന് പ്രസിഡന്റായ സൈന്‍ എന്ന സംഘടന 42 കോടി രൂപ നല്‍കിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴാം പ്രതിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. ലാലി വിന്‍സെന്റിനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തേക്കും.
കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് സംഘം ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അനന്തുവിൽനിന്ന് ലാലി വിന്‍സെന്റ് 46 ലക്ഷം രൂപ കൈപ്പറ്റിയതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, ഇത് നിയമോപദേശത്തിനു വാങ്ങിയ തുകയാണെന്നാണ് ലാലിയുടെ വിശദീകരണം.