കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ചിനു രൂക്ഷവിമര്‍ശനം
Friday, April 11, 2025 3:28 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ അലംഭാവത്തിനെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നാലു വര്‍ഷമായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രമൊന്നും സമര്പ്പിക്കാത്തതിലാണു് വിമർശനം.
കേസുമായി ബന്ധപ്പെട്ട പല രേഖകളും ഇഡിയുടെ കസ്റ്റഡിയിലായതിനാലാണ് അന്വേഷണം പൂര്ത്തീകരിക്കാനാകാത്തതെന്ന സര്‍ക്കാര്‍ വാദത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇഡി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചെന്നും ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള കേസ് സിബിഐക്കു വിടേണ്ടതാണെന്നും ജസ്റ്റീസ് ഡി.ജെ. സിംഗ് വാക്കാല്‍ പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ജീവനക്കാരന് എം.വി. സുരേഷ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സിബിഐ അന്വേഷണത്തിന്റെ ആവശ്യം പ്രഥമദൃഷ്ട്യാ ഇല്ലെന്നും ആവശ്യമെങ്കില്‍ നിലവിലെ അന്വേഷണത്തിന് കോടതിയുടെ മേല്നോട്ടമാകാമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.
ഇഡിയുടെ പക്കലാണു രേഖകളെന്ന സര്‍ക്കാര്‍ വാദത്തെയും കോടതി വിമര്‍ശിച്ചു. അന്വേഷണത്തിന് എന്തിനാണു യഥാര്‍ഥ രേഖകളെന്ന കോടതിയുടെ ചോദ്യത്തിന് ഫോറന്‍സിക് പരിശോധനയ്ക്ക് ഇവ ആവശ്യമാണെന്നായിരുന്നു മറുപടി. ഒരു കേസില്‍ ഉടനെയും മറ്റു കേസുകളില്‍ ഏറെ വൈകാതെയും കുറ്റപത്രം സമര്‍പ്പിക്കുമെന്നും തുടര്‍ന്ന് അറിയിച്ചു.
“സഹകരണസംഘങ്ങളില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടക്കുന്നു. നിക്ഷേപകരുടെയടക്കം പരാതികള്‍ കോടതിയിലെത്തുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ സഹകരണസംഘങ്ങള്‍ കൂട്ടുനില്‍ക്കുന്നത് ദുഃഖകരമാണ്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ എന്നാണ് പറയുന്നതെങ്കിലും കാര്‍ഷിക മേഖലയുമായി സഹകരണ സംഘങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല”- കോടതി അഭിപ്രായപ്പെട്ടു.
സിപിഎം നേതാക്കളെ പ്രതിചേർക്കും
തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ സിപിഎം നേതാക്കളെ പ്രതിചേർക്കാൻ ഇഡി. ഇഡി ചോദ്യം ചെയ്ത മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി. മൊയ്തീൻ എംഎൽഎ, സിപിഎം തൃശൂർ ജില്ലാ മുൻ സെക്രട്ടറി എം.എം. വർഗീസ് എന്നിവരെ പ്രതിചേർക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച അനുമതി ഇഡിക്കു ലഭിച്ചെന്ന് സൂചനയുണ്ട്.
20 പ്രതികളടങ്ങുന്ന രണ്ടാംഘട്ട പ്രതിപ്പട്ടികയ്ക്ക് ഇഡി ആസ്ഥാനത്തുനിന്ന് അനുമതി നൽകിയിട്ടുണ്ടെന്നും ഇതിൽ മുതിർന്ന നേതാക്കളുടെ പേരുണ്ടെന്നുമാണ് റിപ്പോർട്ട്.
ആകെ 80ഓളം പ്രതികളുണ്ടാകും. ക്രമക്കേടിലൂടെ വായ്പ തരപ്പെടുത്തിയവരും കേസിൽ പ്രതിയാകുമെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞദിവസം സിപിഎം തൃശൂർ ജില്ലാ മുൻ സെക്രട്ടറിയും ആലത്തൂർ എംപിയുമായ കെ. രാധാകൃഷ്ണന്റെ മൊഴിയെടുത്തിരുന്നു.