കുടുംബത്തിലെ നാലുപേർ വീട്ടിൽ മരിച്ച നിലയിൽ
Friday, April 11, 2025 3:28 AM IST
ഉപ്പുതറ: ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തന്പലം സജീവ് (38), ഭാര്യ രേഷ്മ (28), മക്കളായ ദേവൻ (6), ദിയ (4) എന്നിവരെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
സാന്പത്തിക ബാധ്യതയെ തുടർന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ വൈകുന്നേരം നാലോടെ സജീവിന്റെ അമ്മ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് അയൽവാസികൾ ഉപ്പുതറ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽനിന്ന് ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഉപ്പുതറയിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന സജീവിന്റെ ഓട്ടോറിക്ഷ ഒരുമാസം മുന്പ് കട്ടപ്പനയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനം പിടിച്ചെടുത്തിരുന്നു. ഇവിടെ നിന്നു വായ്പയെടുത്ത മൂന്നുലക്ഷം രൂപയിൽ ഒരുലക്ഷത്തിലധികം തിരിച്ചടച്ചെന്നും രണ്ടുതവണകൾ മാത്രമാണ് മുടങ്ങിയതെന്നും സജീവിന്റെ അച്ഛൻ മോഹനൻ പറഞ്ഞു. പുറത്തുവന്ന സാന്പത്തിക ബാധ്യതകൾക്കു പുറമെ മറ്റു ബാധ്യതകൾ ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.