ആശാ സമരത്തിൽ മുഖ്യമന്ത്രിക്ക് അബദ്ധ ധാരണ: പ്രതിപക്ഷനേതാവ്
Friday, April 11, 2025 3:28 AM IST
കൊച്ചി: ആശാ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കു ലഭിച്ചിരിക്കുന്ന വിവരങ്ങളെല്ലാം തെറ്റാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഒരു ശതമാനം ആളുകള്‍ മാത്രമേ സമരത്തില്‍ പങ്കെടുക്കുന്നുള്ളൂവെന്നു പറഞ്ഞത് മുഖ്യമന്ത്രിയുടെ അബദ്ധ ധാരണയാണ്.
മുഖ്യമന്ത്രി ആശാ സമരത്തെ തള്ളിപ്പറഞ്ഞതും മോശമായിപ്പോയി. സമരക്കാര്‍ ഒത്തുതീര്‍പ്പിനു തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതു തെറ്റാണ്. ചര്‍ച്ചയ്ക്കു വിട്ട മന്ത്രിമാരാണ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത്.
തത്കാലത്തേക്ക് 3,000 രൂപയെങ്കിലും ഓണറേറിയം വര്‍ധിപ്പിക്കണമെന്നും ചെറിയ തുകയെങ്കിലും റിട്ടയര്‍മെന്റ് ആനുകൂല്യം നല്‍കണമെന്നും ഘട്ടംഘട്ടമായി വര്‍ധിപ്പിക്കണമെന്നുമാണ് ആശമാർ ഏറ്റവും അവസാനം നടന്ന ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.
7000ത്തിൽനിന്ന് 10,000 രൂപയാക്കാന്‍ പോലും സര്‍ക്കാര്‍ തയാറല്ലെന്നതു നിഷേധാത്മമക സമീപനമാണ്. സിപിഎം അനുകൂല ആശാ പ്രവര്‍ത്തകരുടെ പിന്തുണയും ഈ സമരത്തിനുണ്ട്. സമരത്തിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുമുണ്ട് -സതീശൻ പറഞ്ഞു.
“മാസപ്പടിക്കേസ് രാഷ്ട്രീയപ്രേരിതമല്ല”
മാസപ്പടി കേസ് രാഷ്ട്രീയപ്രേരിതമല്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. എസ്എഫ്ഐഒ കുറ്റപത്രം നല്കിയതു സംബന്ധിച്ച് മുഖ്യമന്ത്രി മാധ്യമങ്ങളോടു ക്ഷുഭിതനാകേണ്ട കാര്യമില്ല.
മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരേ ആരോപണങ്ങളും ആക്ഷേപങ്ങളും ഉണ്ടാകും. അതിനെ അദ്ദേഹം നിയമപരമായി നേരിടുന്നതിനോട് ഒരു വിയോജിപ്പുമില്ല.
വയനാട്ടിലെ വായ്പകള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളണം. അതിനു തയാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആ വായ്പകള്‍ എഴുതിത്തള്ളണം.
നിലമ്പൂരിൽ ഉജ്വലവിജയമുണ്ടാകും. തെരഞ്ഞെടുപ്പ് തീയതിയായാല്‍ ഉടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. പി.വി. അന്‍വറിന്റെ പിന്തുണ യുഡിഎഫ് സ്വീകരിച്ചിട്ടുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.