മൗനത്തിന്റെ മഹത്വം
Friday, April 11, 2025 3:28 AM IST
പോൾ കൊട്ടാരം കപ്പൂച്ചിൻ
ആത്മീയ ജീവിതത്തെ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരിക്കലും ഒഴിവാക്കാനാകാത്ത കാര്യമാണ് മൗനത്തിലായിരിക്കുക എന്നത്. ഈശോയുടെ മൗനത്തെ ആഴത്തിൽ മനസിലാക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന സമയം കൂടിയാണല്ലോ ഓരോ നോന്പുകാലവും. ഈശോയുടെ മൗനവും ആ മൗനത്തിൽ അവൻ ലക്ഷ്യം വച്ചതുമായിരിക്കട്ടെ നമ്മുടെയും ആഗ്രഹം.
ഭാരതീയ പാരമ്പര്യത്തിൽ സന്യാസത്തിലേക്കു പ്രവേശിക്കുന്നവർ മുനിയായി മാറണമെന്നു പറയാറുണ്ട്. സംസാരത്തിന്റെയും ബഹളത്തിന്റെയും ലോകത്തിൽനിന്ന് അകന്നു കഴിയുക സാധാരണ മനുഷ്യർക്കു ബുദ്ധിമുട്ടേറിയ കാര്യമാകുമ്പോൾ ദൈവാന്വേഷിക്ക് ഈ വഴിയെ സഞ്ചരിച്ചേ മതിയാകൂ. കാരണം ഒരാൾ മൗനത്തിലാകുമ്പോൾ മാത്രമേ തന്റെ ഉള്ളിലുള്ള നന്മകൾക്ക് അർഥം കണ്ടെത്താനാകൂ, തുടർന്നുള്ള തെരഞ്ഞെടുക്കലുകൾ ശരിയായി പരിണമിക്കൂ.
ഈശോ മൗനത്തിലായിരുന്ന നാൽപത് ദിനരാത്രങ്ങളിൽ എന്താണ് അവനിൽ സംഭവിച്ചത്? സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസിലാക്കാം, മൗനത്തിന്റെ ഈ ദിനങ്ങളിൽ ഈശോ വിശപ്പും ദാഹവുമെല്ലാം മറന്നു തന്റെ പിതാവിനെ കേൾക്കുകയായിരുന്നു.
ഈശോയുടെ മൗനവും മൗനത്തിലായിരുന്നപ്പോൾ അവൻ ശ്രവിച്ചതും എന്തായിരുന്നു അല്ലെങ്കിൽ എന്തിനായിരുന്നു എന്നതിന്റെ കൃത്യമായ ഉത്തരം നമുക്കു ലഭിക്കുന്നത് അവന്റെ പരസ്യജീവിതത്തിലൂടെയാണ്. മൗനം കഴിഞ്ഞിറങ്ങുമ്പോൾ താൻ എന്താണ് ചെയ്യേണ്ടതെന്നും അത് എപ്രകാരമായിരിക്കണമെന്നും മുനിയായിരുന്ന് തന്റെ പിതാവിനെ കേട്ട നാളുകൾ ഈശോയെ പഠിപ്പിച്ചു എന്നു വ്യക്തം.
നോമ്പും മൗനവും
നോമ്പിന്റെയും തപസിന്റെയും നാളുകളിൽ എല്ലാ ദൈവാന്വേഷികളും ബഹളങ്ങളിൽനിന്ന് എത്ര മാത്രം അകന്നു കഴിയാമോ അത്രയും നല്ലത്. എങ്കിൽ മാത്രമേ മണ്ണിലെ ജീവിതത്തിൽ ഓരോരുത്തരും പൂർത്തീകരിക്കേണ്ട ലക്ഷ്യത്തെ ശരിയായ വിധത്തിൽ മനസിലാക്കാനും ഈശോയെപ്പോലെ കൃത്യമായ നിലപാടോടുകൂടി ആ നിയോഗം നിറവേറ്റാനും കഴിയൂ.
മർത്തായെയും മറിയത്തെയും കുറിച്ചുള്ള വചനഭാഗത്തിൽ ഈശോയുടെ പാദാന്തികത്തിൽ മൗനമായിരുന്നു ശാന്തമായി അവനെ ശ്രവിച്ച മറിയത്തെക്കുറിച്ചുള്ള പരാമർശം എത്രയോ ഹൃദയസ്പർശിയാണ്. “ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു.
അത് അവളിൽനിന്ന് എടുക്കപ്പെടുകയില്ല”(ലൂക്കാ 10:42). എനിക്കും ഈശോയുടെ ചാരത്ത് മൗനമായിരുന്ന് അവനെ ശ്രവിക്കാൻ കഴിയുന്ന ദിനങ്ങളായി തപസിന്റെ ഈ ദിനങ്ങൾ മാറ്റപ്പെട്ടിരുന്നെങ്കിൽ...? മൗനത്തെ അത്മീയമാക്കാനുള്ള സമയമാണിത്. മറുപടി പറയാൻ കഴിയാതുള്ള ഒളിച്ചോട്ടമല്ല, പകരം നേരിടേണ്ടിവരുന്ന എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം കൊടുക്കാനുള്ള ആത്മീയ ഒരുക്കമാണീ മൗനം.