ഹാൾടിക്കറ്റ് റാഞ്ചി; പിഎസ്സി പരീക്ഷാർഥിയെ ത്രിശങ്കുവിലാക്കി പരുന്തിന്റെ മറിമായം
Friday, April 11, 2025 3:28 AM IST
കാസർഗോഡ്: പിഎസ്്സി പരീക്ഷയ്ക്കു ഹാളിൽ കയറാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി നില്ക്കുമ്പോൾ ഹാൾടിക്കറ്റ് പരുന്ത് റാഞ്ചിയാൽ എന്തുചെയ്യും..? സംഭവം നടന്നത് എല്ലാവരുടെയും കൺമുന്നിൽ വച്ചാണെങ്കിലും നിയമപ്രകാരം പരീക്ഷാർഥിയെ ഹാളിൽ പ്രവേശിപ്പിക്കാൻ കഴിയില്ല.
കാസർഗോഡ് ഗവ. യുപി സ്കൂളിൽ ഇന്നലെ ഡിപ്പാർട്ട്മെന്റൽ പരീക്ഷയെഴുതാനെത്തിയ ഒരു യുവതിക്ക് പരുന്തിനു സദ്ബുദ്ധി തോന്നുന്നതുംകാത്ത് ഏറെനേരം മുൾമുനയിൽ നില്ക്കേണ്ടിവന്നു.
ഇന്നലെ രാവിലെ 7.30 മുതൽ 9.30 വരെയാണ് വിവിധ വകുപ്പുകളിലെ ജീവനക്കാർക്കായി പിഎസ്സിയുടെ ഡിപ്പാർട്ട്മെന്റൽ പരീക്ഷ നടന്നത്. ജില്ലയിലെ ഏതോ സർക്കാർ വകുപ്പിലെ ജീവനക്കാരിയായ യുവതി പരീക്ഷാഹാളിൽ കയറുന്നതിനു മുമ്പ് പാഠ്യഭാഗങ്ങൾ ഒരുതവണ കൂടി നോക്കിയിരിക്കുന്നതിനിടെയാണ് സമീപത്തായി വച്ചിരുന്ന ഹാൾടിക്കറ്റ് എവിടെനിന്നോ പറന്നുവന്ന പരുന്ത് റാഞ്ചിയെടുത്തത്. ഇതോടെ ഇവർ അതുവരെ പഠിച്ചതെല്ലാം മറന്നുപോകുന്ന തരത്തിൽ ആശങ്കയുടെ മുൾമുനയിലായി.
റാഞ്ചിയെടുത്ത ഹാൾടിക്കറ്റുമായി പരുന്ത് പരീക്ഷാഹാളിലെ ജനാലയ്ക്ക് മുകളിലാണ് ഇരിപ്പുറപ്പിച്ചത്. പരീക്ഷാർഥികളും ഇൻവിജിലേറ്റർമാരും പല തരത്തിലും ശബ്ദമുണ്ടാക്കിയെങ്കിലും പരുന്തിന് ഒരു കുലുക്കവും ഉണ്ടായില്ല. പരീക്ഷ തുടങ്ങാനുള്ള സമയമായതോടെ ആശങ്ക പരകോടിയിലായി.
എന്തു ചെയ്യണമെന്നറിയാതെ നിന്ന യുവതിയോട്, പരുന്തിനെ കല്ലെടുത്തെറിയാൻ പലരും ഉപദേശിച്ചെങ്കിലും ഹാൾടിക്കറ്റുമായി അത് ദൂരേക്കെങ്ങാനും പറന്നുപോയാൽ ഉള്ള പ്രതീക്ഷകൂടി പോയാലോ എന്ന് കരുതി ഇവർ അതിന് മുതിര്ന്നില്ല.
ഒടുവിൽ അവസാന ബെല്ലടിക്കുന്നതിനു തൊട്ടു മുമ്പ് പരുന്ത് ഹാൾടിക്കറ്റ് താഴെയിട്ട് പറന്നുപോയതോടെയാണ് ആശങ്ക ആശ്വാസത്തിനു വഴിമാറിയത്.
താഴേക്കു പറന്നുവീണ ഹാൾടിക്കറ്റ് ആശ്വാസത്തോടെ വാരിയെടുത്ത് യുവതി പരീക്ഷാഹാളിലേക്ക് ഓടിക്കയറുകയായിരുന്നു. സംഭവമറിഞ്ഞ് മാധ്യമപ്രവർത്തകരുൾപ്പെടെ സ്ഥലത്തെത്തിയിരുന്നെങ്കിലും ആർക്കും മുഖംകൊടുക്കാതെ യുവതി പരീക്ഷാഹാളിലേക്കു കയറി.
ഇതിനിടെ ഹാൾടിക്കറ്റുമായി ജനാലയ്ക്ക് മുകളിലിരുന്ന പരുന്തിന്റെ വീഡിയോ കൂട്ടത്തിലാരോ ചിത്രീകരിച്ചിരുന്നത് മണിക്കൂറുകൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.