തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 2,228 കോടി രൂപ അനുവദിച്ചു
Friday, April 11, 2025 3:28 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 2,228.30 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
ഈ സാന്പത്തിക വർഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2,150.30 കോടി രൂപയും, ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ് അനുവദിച്ചത്.
വികസന ഫണ്ടിൽ ഗ്രാമ പഞ്ചായത്തുകൾക്ക് 1,132.79 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 275.91 കോടി വീതവും, മുനിസിപ്പാലിറ്റികൾക്ക് 221.76 കോടിയും, കോർപറേഷനുകൾക്ക് 243.93 കോടിയും ലഭിക്കും.
നഗരസഭകളിൽ മില്യൻ പ്ലസ് സിറ്റീസിൽ പെടാത്ത 86 മുനിസിപ്പാലിറ്റികൾക്കായി 77.92 കോടി രൂപയും, കണ്ണൂർ കോർപറേഷന് 8. 46 ലക്ഷം രൂപയും ലഭിക്കും. മുനിസിപ്പാലിറ്റികൾക്ക് ആകെ 300 കോടി രൂപയാണ് ലഭിക്കുന്നത്.