ലെവൽക്രോസ് ഇല്ലാത്ത കേരളം; നാല് റെയിൽവേ മേൽപ്പാലങ്ങൾ കൂടി നാടിനു സമർപ്പിക്കും
Friday, April 11, 2025 3:28 AM IST
നെടുമ്പാശേരി: ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി രണ്ടു മാസത്തിനുള്ളിൽ നാല് റെയിൽവേ മേൽപ്പാലങ്ങൾക്കൂടി നാടിനു സമർപ്പിക്കുമെന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള (ആർബിഡിസികെ) അറിയിച്ചു.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന്റെ പദ്ധതികൾ അവലോകനം ചെയ്യുന്നതിന് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
35.19 കോടി രൂപ ചെലവിൽ താനൂർ- തെയ്യാല, 33.37 കോടി രൂപ ചെലവിൽ കൊടുവള്ളി- തലശേരി, 29.61 കോടി ചെലവിട്ട് വാടാനംകുറിശി, 21.93 കോടി ചെലവിൽ ചിറയിൻകീഴ് എന്നീ നാല് റെയിൽവേ മേൽപ്പാലങ്ങളാണു മേയ് 31നുള്ളിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്.
പ്രവൃത്തി പുരോഗമിക്കുന്ന മറ്റു റെയിൽവേ മേൽപ്പാലങ്ങളും വേഗത്തിൽ തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, ആർബിഡിസികെ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.