ചില്ലുകൂട്ടിനുള്ളിൽ കുടുങ്ങിയ കുരുവിയെ പറത്തിവിട്ടു; പറത്തിവിട്ടത് ജഡ്ജി നേരിട്ടെത്തി
Friday, April 11, 2025 2:17 AM IST
ഉളിക്കൽ: ഉളിക്കലിലെ അടഞ്ഞു കിടന്ന വസ്ത്ര വ്യപാര സ്ഥാപനത്തിന്റെ ചില്ലുകൂട്ടിനുള്ളിൽ കുടുങ്ങിയ അങ്ങാടിക്കുരുവിക്ക് നീതിയുടെ കൺവെട്ടം.
ടൗണിലെ വ്യാപാരികളുടെയും ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും ശ്രമത്തിനാണു മൂന്നാം ദിനം ഫലമുണ്ടായത്. ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിൽ ഇന്നലെ രാവിലെ 11 ഓടെ കടയുടെ കതകു തുറന്ന് കുരുവിയെ രക്ഷപ്പെടുത്തുകയായിരുന്നു.
നിയമ തർക്കത്തെത്തുടർന്ന് കോടതി ഇടപെട്ട് സീൽ ചെയ്ത വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് കുരുവി അകപ്പെട്ടത്. അങ്ങാടിക്കുരുവിയെ രക്ഷപ്പെടുത്താൻ ഒരു നാട് ഇറങ്ങിയത് വലിയ വാർത്തയാവുകയും ചെയ്തിരുന്നു.
ചില്ലുകൂട്ടിൽ അകപ്പെട്ട അങ്ങാടിക്കുരുവി രക്ഷപ്പെടാനായി പറന്ന് ചില്ലിൽ ഇടിച്ചുവീഴുന്ന കാഴ്ച കണ്ട ഉളിക്കൽ സ്വദേശികളായ രണ്ടു മനോജുമാരാണ് പഞ്ചായത്തിലും വില്ലേജിലും കളക്ടറുടെ അടുക്കലും പരാതിയുമായി എത്തുന്നത്. കുരുവിയുടെ ജീവൻ നിലനിർത്താനായി ഭക്ഷണവും വെള്ളവും ഉൾപ്പെടെ നല്കിയതും ഇവർ തന്നെയാണ്. രണ്ട് മനോജുമാരിൽ ഒരാൾ പൊതുപ്രവർത്തകനും മറ്റൊരാൾ കൂലി ത്തൊഴിലാളിയുമാണ്.
സ്ഥാപന ഉടമകൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതു വലിയ തടസമായെങ്കിലും കളക്ടറും മറ്റു നിയമസംവിധാനങ്ങളും ഉണർന്ന് പ്രവർത്തിച്ചതോടെ അങ്ങാടിക്കുരുവിയുടെ ജീവൻ രക്ഷിക്കാനായി.
ജില്ലാ ജഡ്ജി നിസാർ അഹമ്മദ് നേരിട്ടെത്തി ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ചില്ലുവാതിൽ തുറന്ന് കിളിയെ രക്ഷപ്പെടുത്തുകയായിരുന്നു.
അടച്ചുസീൽ ചെയ്ത സ്ഥാപനം ജഡ്ജിയുടെ സാന്നിധ്യത്തിൽ തുറന്ന് കിളിയെ രക്ഷപ്പെടുത്തുന്നതിന് സാക്ഷിയായി വൻമാധ്യമസംഘവും ഉളിക്കലിലെ വൻ ജനാവലിയും ഏറെനേരം കാത്തുനിന്നു.
ഒരു ജീവനും ചെറുതല്ല; നന്ദിപറഞ്ഞ് ജില്ലാ ജഡ്ജി
ഉളിക്കൽ: നമ്മൾ നിസാരമെന്നു കരുതുന്ന ഒരു കുരുവിയുടെ ജീവൻ പോലും വിലപ്പെട്ടതാണെന്ന സന്ദേശം നല്കിയ ഉളിക്കലിലെ ജനങ്ങൾക്കും വാർത്ത അധികാരികളിലേക്ക് എത്തിക്കാൻ ജാഗ്രത കാണിച്ച മാധ്യമ പ്രവർത്തകർക്കും ജില്ലാ ജഡ്ജി നിസാർ അഹമ്മദ് നന്ദി പറഞ്ഞു.
കളക്ടർ വിഷയം തന്റെ ശ്രദ്ധയിൽപെടുത്തിയെന്നും ഉടൻ ഹൈക്കോടതി അധികൃതരുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.