എംഡിഎംഎ കടത്ത്: ഉഗാണ്ട സ്വദേശിനി അറസ്റ്റില്‍
Friday, April 11, 2025 2:17 AM IST
കോഴിക്കോട്: മലബാറില്‍ വിദ്യാദ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാന പ്രതി പിടിയില്‍. ഉഗാണ്ട സ്വദേശിനിയായ നാകുബുറെ ടിയോപിസ്റ്റ (30) ആണ് പിടിയിലായത്.
ഇന്നലെ വൈകുന്നേരം ബംഗളൂരു ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണു മലപ്പുറം അരീക്കോട് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. കുപ്രസിദ്ധ കുറ്റവാളി അരീക്കോട് പൂവത്തിക്കല്‍ സ്വദേശി പൂളക്കച്ചാലില്‍ വീട്ടില്‍ അറബി അസീസ് എന്ന അസീസ് (43) , എടവണ്ണ മുണ്ടേങ്ങര സ്വദേശി കൈപ്പഞ്ചേരി വീട്ടില്‍ ഷമീര്‍ ബാബു (42) എന്നിവരെ ഒരാഴ്ച മുന്‍പ് 200 ഗ്രാമോളം എംഡിഎംഎയുമായി അരീക്കോട് തേക്കിന്‍ചുവട് വച്ച് പിടികൂടിയിരുന്നു.
ബംഗളുരുവില്നിന്നെത്തിച്ച ലഹരിമരുന്ന് വിൽക്കാന് ശ്രമിക്കുന്നതിനിടെയാണു പ്രതികള്‍ പിടിയിലായത്. തുടര്‍ന്ന് ഇവര്‍ക്ക് ലഹരിമരുന്ന് നല്കിയ പൂവത്തിക്കല്‍ സ്വദേശി അനസ്, കണ്ണൂര്‍ മയ്യില്‍ സ്വദേശി സുഹൈല്‍ എന്നിവരെയും പിടികൂടിയിരുന്നു.
ഇതോടെ ഈ കേസില്‍ പിടിയിലാകുന്ന പ്രതികളുടെ എണ്ണം അഞ്ചായി. 10 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് ഇവരില്‍നിന്നു പിടികൂടിയത്. എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച ആഡംബര വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.
പിടിയിലായ അസീസിന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , പാലക്കാട്, എന്നിവിടങ്ങളില്‍ ലഹരിക്കടത്ത്, കവര്‍ച്ച ഉള്‍പ്പെടെ അമ്പതോളം കേസുകള്‍ ഉണ്ട്. ഷമീറിന് കരിപ്പൂര്‍ നിലമ്പൂര്‍ സ്റ്റേഷനില്‍ അടിപിടി, ലഹരിയുമായി ബന്ധപ്പെട്ട കേസുകള്‍ നിലവില്‍ ഉണ്ട്. അനസ് മരട് സ്റ്റേഷനില്‍ 80 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ പ്രതിയാണ്.
ബഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഉഗാണ്ടന്‍ സ്വദേശിനി . വിശദമായി ചോദ്യം ചെയ്തതില്‍ അന്തര്‍ സംസ്ഥാന ലഹരി കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് നൈജീരിയന്‍ സ്വദേശികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.