കുട്ടിഡ്രൈവർമാർക്ക് വലിയ വില കൊടുക്കേണ്ടിവരും
Friday, April 11, 2025 2:17 AM IST
സി.ജി. ജിജാസൽ
തൃശൂർ: സ്കൂൾ അടച്ചതോടെ സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്കു കടന്ന കുട്ടികൾ നാട്ടിൻപുറങ്ങളിലൂടെയും നഗരപ്രദേശങ്ങളിലൂടെയും ഡ്രൈവ് ചെയ്ത് വാഹനങ്ങളിൽ ചീറിപ്പായുന്പോൾ രക്ഷിതാക്കൾ ഓർക്കുക-ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ വലിയ വില കൊടുക്കേണ്ടിവരും.
സ്വന്തം മക്കൾ സൂപ്പറാണെന്ന വീട്ടുകാരുടെ അമിത ആത്മവിശ്വാസം കുട്ടികൾക്കും അതിലൂടെ കുടുംബത്തിനും നിരപരാധികളായ മറ്റുള്ളവർക്കും തീരാവേദന സൃഷ്ടിക്കാതിരിക്കാൻ വാഹനങ്ങൾ നൽകും മുൻപ് ചിന്തിക്കണമെന്നു മുന്നറിയിപ്പ് നൽകുകയാണു മോട്ടോർ വാഹന വകുപ്പ്.
കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾപ്രകാരം രാജ്യത്ത് 2018 ൽ 9,900 ലധികം പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ജീവൻ നിരത്തിൽ പൊലിഞ്ഞു. 2019 ൽ 11,168 കുട്ടികളാണ് മരിച്ചത്. രാജ്യത്തു വാഹനാപകടങ്ങളിൽ മരിക്കുന്നവരിൽ 7.6 ശതമാനവും കുട്ടികളാണ്.
അപകടങ്ങൾ തുടർക്കഥയായതോടെ 2019 ൽ മോട്ടോർ വാഹനനിയമം പരിഷ്കരിച്ചു. ഇതോടെ ഏറ്റവും വലുതും കഠിന ശിക്ഷ ലഭിക്കുന്നതും ജുവനൈൽ ഡ്രൈവിംഗിലാണെന്നു പലരും മറക്കുകയാണ്. കുട്ടിഡ്രൈവർമാരുടെ അപകടങ്ങളുടെ കാര്യത്തിൽ രാജ്യത്തുതന്നെ എട്ടാംസ്ഥാനം നമ്മുടെ കൊച്ചുകേരളത്തിനാണ്.
സംസ്ഥാനത്തുമാത്രം കഴിഞ്ഞവർഷം 900-ലധികം കുട്ടികളുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്തതിനാലും ലൈസൻസ് ഇല്ലാത്തതിനാലും ഇൻഷ്വറൻസ് അടക്കം ലഭിക്കാത്ത സാഹചര്യത്തിൽ ഇരയാകുന്നവർക്ക് അവർ ചോദിക്കുന്ന നഷ്ടപരിഹാരവും കുട്ടികളുടെ രക്ഷിതാക്കൾ നൽകേണ്ടിവരും.
ജുവനൈൽ ഡ്രൈവിംഗിന്റെ ശിക്ഷകൾ:
☛ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 10,000 രൂപ വരെയാണ് പിഴ. രക്ഷിതാവിനു മൂന്നുവർഷംവരെ തടവുശിക്ഷയും 25,000 രൂപ പിഴ വേറെയും ലഭിക്കും.
☛ നിയമലംഘനം നടത്തിയതിനു പന്ത്രണ്ടു മാസത്തേക്കു വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും.
☛ നിയമലംഘനം നടത്തിയ കുട്ടിക്കു ലേണേഴ്സ് ലൈസൻസിന് അർഹത കിട്ടാൻ 25 വയസ് തികയേണ്ടിവരും.
☛ 2000 ലെ ജുവനൈൽ ജസ്റ്റീസ് നിയമത്തിലെ വ്യവസ്ഥകൾപ്രകാരവും പ്രായപൂർത്തിയാകാത്ത വ്യക്തിക്കു ശിക്ഷ ലഭിക്കാം.