യൂണിവേഴ്സിറ്റികളിലെ താത്കാലിക നിയമനങ്ങൾ റദ്ദാക്കണം; ഗവർണർക്ക് നിവേദനം നൽകി
Friday, April 11, 2025 2:17 AM IST
അതിരമ്പുഴ: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പിൻവാതിലിലൂടെ നടത്തിയ എല്ലാ താത്കാലിക നിയമനങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ഗവർണർക്ക് നിവേദനം നൽകി.
പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യേണ്ട സ്ഥിരം തസ്തികകൾ സർക്കാർ ഉത്തരവിന്റെ മറവിൽ സർവകലാശാലകൾ റദ്ദാക്കുകയും പകരം താൽക്കാലിക നിയമനങ്ങൾ വ്യാപകമാകുകയുമാണെന്ന് ഫെഡറേഷൻ പ്രസിഡന്റ് എൻ. മഹേഷ്, ജനറൽ സെക്രട്ടറി ജയൻ ചാലിൽ എന്നിവർ പറഞ്ഞു.
കേരളയിൽ 971, എംജിയിൽ 328, കാലിക്കറ്റിൽ 704, കണ്ണൂരിൽ 359, കുസാറ്റിൽ 511, സംസ്കൃതയിൽ 261, മലയാളത്തിൽ 84, കെടിയുവിൽ 95, ഓപ്പൺ യൂണിവേഴ്സിറ്റിയിൽ 109 ഉൾപ്പെടെ 3422 പേരെയാണ് സർവകലാശാലകൾ നേരിട്ട് ദിവസക്കൂലി, കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.