എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പിനായി ഇഡിയുടെ ഹര്‍ജി
Friday, April 11, 2025 2:17 AM IST
കൊച്ചി: മാസപ്പടി കേസില്‍ എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിക്കാന്‍ ഇഡി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ ഹര്‍ജി നല്കി. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി നമ്പറിട്ടു ഫയലില്‍ സ്വീകരിച്ചശേഷം ഇഡിയുടെ ഹര്‍ജി വിചാരണക്കോടതി പരിഗണിക്കും.
എസ്എഫ്ഐഒയുടെ അഭിപ്രായം ആരാഞ്ഞിട്ടാകും പകര്‍പ്പ് കോടതി ഇഡിക്ക് കൈമാറുക. കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ നാണയ വിനിമയ ചട്ട ലംഘനം എന്നിവ എസ്എഫ്ഐഒ കണ്ടെത്തിയാലും ഇഡിക്കാണ് ഇത്തരം കേസുകളുടെ പ്രോസിക്യൂഷന് ചുമതല.
കേസില്‍ പിഎംഎല്‍എ, ഫെമ കുറ്റങ്ങള്‍ ചുമത്തുന്ന സാഹചര്യമുണ്ടായാല്‍ സിഎംആര്‍എല്‍ കമ്പനിയടക്കം പ്രതിപ്പട്ടികയിലുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് ഇഡിക്കു കടക്കാന്‍ കഴിയും.
എസ്എഫ്ഐ ഒ നല്കിയ കുറ്റപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ തൈക്കണ്ടിയില്‍, സിഎംആര്‍എല്‍ കമ്പനിയുടെ പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവരാണു പ്രതികള്‍.
സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ പി. സുരേഷ് കുമാര്‍, ജോയിന്റ് എംഡി ശരണ്‍ എസ്.കര്‍ത്ത, ഓഡിറ്റര്‍ എ.കെ. മുരളീകൃഷ്ണന്, അനില്‍ ആനന്ദ് പണിക്കര്‍, സഹ കമ്പനികളായ നിപുണ ഇന്റര്‍നാഷണല്‍, സജ്സ ഇന്ത്യ, എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്സ് എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്. വീണ തൈക്കണ്ടിയില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കമ്പനി നിയമമനുസരിച്ച് പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയം നല്കിയ വിചാരണ അനുമതി അനുസരിച്ചാണ് എസ്എഫ്ഐഒ നടപടി. സേവനം നല്‍കാതെ വീണ തൈക്കണ്ടിയില്‍ 2.7 കോടി രൂപ കൈപ്പറ്റി, രാഷ്ട്രീയനേതാക്കള്‍ക്കു സിഎംആര്‍എല്‍ 182 കോടി രൂപ കോഴയായി നല്കി, കര്‍ത്തയുടെ മരുമകന് ആനന്ദ പണിക്കര്‍ക്ക് 13 കോടി രൂപ കമ്മീഷന് നല്കി, സിഎംആര്‍എല്‍ ഈ തുക കള്ളക്കണക്കില്‍ എഴുതി വകമാറ്റി എന്നിവയാണ് എസ്എഫ്ഐഒയുടെ കണ്ടെത്തല്‍.