ഭിന്നശേഷി നിയമനത്തിനായി എയ്ഡഡ് സ്കൂളുകളിൽ 3,025 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു
Friday, April 11, 2025 2:17 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ എയ്ഡഡ് സ്കൂളുകളിലായി 3,025 ഒഴിവുകൾ ഭിന്നശേഷി നിയമനത്തിനായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
റോസ്റ്റർ സമർപ്പിക്കേണ്ട 1,188 കോർപറേറ്റ് മാനേജർമാരിൽ 826 പേർ സമർപ്പിച്ചു. 4,821 വ്യക്തിഗത മാനേജർമാരിൽ 2,996 പേർ സമർപ്പിച്ചു. എയ്ഡഡ് സ്കൂളുകളിൽ നിയമിച്ച 1,204 ഭിന്നശേഷി ഉദ്യോഗാർഥികളിൽ 580 പേരെ നിയമിച്ചത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാർഥികളുടെ എണ്ണം 1,040ഉം അനധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാർഥികളുടെ എണ്ണം 1,09,187ഉം ആണ്.
ഭിന്നശേഷി നിയമനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി വിധിക്കനുസൃതമായി ഭിന്നശേഷി നിയമന അംഗീകാരത്തിന് വേണ്ട നടപടികൾ തുടരാൻ യോഗത്തിൽ മന്ത്രി നിർദേശിച്ചു.