ബില്ലിൽ ഗവർണറെ വെട്ടിയ സുപ്രീംകോടതി വിധിയിൽ പ്രതീക്ഷയർപ്പിച്ച് കേരളം
Wednesday, April 9, 2025 2:40 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന തമിഴ്നാട് സർക്കാർ കേസിലെ സുപ്രീംകോടതി വിധിയിൽ പ്രതീക്ഷയർപ്പിച്ച് കേരളം.
അടുത്ത മാസം കേരളത്തിന്റെ സമാന സാഹചര്യത്തിലുള്ള കേസ് പരിഗണിക്കുന്പോൾ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയാണു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണങ്ങളിൽ വ്യക്തമാകുന്നത്.
സർവകലാശാലാ ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം വെട്ടുന്നതടക്കം കേരള നിയമസഭ പാസാക്കിയ ആറു ബില്ലുകൾ രാഷ്ട്രപതി മടക്കി അയച്ചിരുന്നു. രണ്ടു ബില്ലുകളിൽ ഇപ്പോഴും ഒപ്പിടുകയോ തള്ളുകയോ ചെയ്യാതെ രാഷ്ട്രപതിഭവൻ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ മുൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ 23 മാസമാണ് അനിശ്ചിതമായി നീട്ടിയതെന്നാണു സംസ്ഥാന സർക്കാർ വാദം.
കേരളം നിയമനടപടിക്കൊരുങ്ങിയതിനു പിന്നാലെ ഏഴു ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ ഗവർണർ തീരുമാനിച്ചിരുന്നു. സർവകലാശാലാ വിഷയത്തിൽ ഗവർണറും സർക്കാരും തമ്മിൽ പോരു മൂർച്ഛിക്കുന്നതിനിടെയായിരുന്നു നിയമസഭ പാസാക്കിയ ബില്ലുകൾ രാജ്ഭവനിലേക്ക് അയച്ചത്.
സർവകലാശാലാ ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം വെട്ടുന്ന സർവകലാശാല ഭേദഗതിയുടെ രണ്ടു ബില്ലുകൾ സഹിതം ഏഴെണ്ണമാണ് രാഷ്ട്രപതിക്ക് അയച്ചത്. ഇതിൽ ലോകായുക്തയുടെ അധികാരം കവരുന്ന ലോകായുക്ത ഭേദഗതി ബിൽ രാഷ്ട്രപതി അംഗീകരിച്ച് സംസ്ഥാനത്തിന് അയച്ചു.
ചാൻസലറുടെ അധികാരം കവരുന്ന സർവകലാശാലാ ഭേദഗതി ബില്ലുകൾ, യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ ബിൽ, മിൽമ ഭരണം പിടിച്ചെടുക്കുന്നതിനുള്ള സഹകരണ ഭേദഗതി ബിൽ, സർവകലാശാലാ സെർച്ച് കമ്മിറ്റി വിപൂലീകരണ ബിൽ തുടങ്ങിയവ ഒപ്പിടാതെ രാഷ്ട്രപതി മടക്കിയിരുന്നു.
നിയമസഭ പാസാക്കിയ രണ്ടു ബില്ലുകൾ രാഷ്ട്രപതി ഒപ്പിടാതെ വർഷങ്ങളായി രാഷ്ട്രപതിഭവനിൽ കാത്തുകിടപ്പുണ്ട്. 2016 മലയാള ഭാഷ ബില്ലും 2022 മോട്ടോർ തൊഴിലാളി ഭേദഗതി ബില്ലുകളുമാണിത്.
കഴിഞ്ഞ നിയമസഭ പാസാക്കിയ യൂണിവേഴ്സിറ്റി ഭേദഗതി ബില്ലുകൾ, സ്വകാര്യ സർവകലാശാല രൂപവത്കരണ ബിൽ, വയോജന കമ്മീഷൻ ബിൽ തുടങ്ങിയവ സർക്കാർ വൈകാതെ ഗവർണറുടെ പരിഗണനയ്ക്ക് അയയ്ക്കും.
ചാൻസലറുടെയും വൈസ് ചാൻസലർമാരുടെയും അധികാരം വെട്ടിക്കുറയ്ക്കുകയും പ്രോ- ചാൻസലറായ ഉന്നതവിദ്യാഭ്യാസമന്ത്രിക്കു കൂടുതൽ അധികാരം നൽകുകയും ചെയ്യുന്ന പുതിയ സർവകലാശാലാ ഭേദഗതി ബില്ലുകളിൽ പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഒപ്പിടുമോ എന്ന കാര്യവും ഈ സാഹചര്യത്തിൽ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.
ആരിഫ് മുഹമ്മദ്ഖാനും സർക്കാരും തമ്മിൽ പോരിന്റെ വർഷങ്ങളായിരുന്നുവെങ്കിൽ ആർലേക്കർ ഗവർണറായ ശേഷം സർക്കാരുമായി ഒത്തുപോകുകയാണെന്ന വ്യത്യാസവുമുണ്ട്.