മുനന്പം: സംഘപരിവാർ അജൻഡയ്ക്കു സർക്കാർ കുടപിടിക്കുന്നുവെന്ന് സതീശൻ
Thursday, April 17, 2025 2:09 AM IST
തിരുവനന്തപുരം: രണ്ടു മതവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമാക്കി മുനന്പത്തെ മാറ്റി അതിൽനിന്നു രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘപരിവാർ അജൻഡയ്ക്കു കുടപിടിച്ചു കൊടുക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പുതിയ നിയമം ഒരിക്കലും അവസാനിക്കാത്ത നിയമപ്രശ്നത്തിലേക്ക് മുനന്പം വിഷയത്തെ കൊണ്ടു പോകാനുള്ള സാധ്യതയുമുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള അവസരമാണ് വഖഫ് ട്രിബ്യൂണലിൽ ഉണ്ടായത്.
ഭൂമി വഖഫ് അല്ലെന്ന് അതു നൽകിയ സേഠിന്റെ കുടുംബവും ഭൂമി വാങ്ങിയ ഫറൂഖ് കോളജ് മാനേജ്മെന്റും ട്രിബ്യൂണലിൽ പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിൽ അനുകൂലമായ നിലപാട് വഖഫ് ട്രിബ്യൂണലിൽ നിന്നും ഉണ്ടായേനെ. എന്നാൽ സംസ്ഥാന സർക്കാർ വഖഫ് ബോർഡിനെക്കൊണ്ട് ഹൈക്കോടതിയിൽ കേസ് കൊടുപ്പിച്ച് വഖഫ് ട്രിബ്യൂണലിന്റെ തുടർ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്തു. നിലവിലെ വഖഫ് ട്രിബ്യൂണലിന് വിധി പറയാനാകാകില്ല.
കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമം കൊണ്ട് മുനന്പത്തെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് യുഡിഎഫ് തുടക്കം മുതൽ പറഞ്ഞത് ഇപ്പോൾ എല്ലാവർക്കും ബോധ്യമായിരിക്കുകയാണെന്നു സതീശൻ പറഞ്ഞു.