ലഹരിക്കെതിരേ വിപുലമായ കാന്പയിൻ ജൂണിൽ: മുഖ്യമന്ത്രി
Thursday, April 17, 2025 2:09 AM IST
തിരുവനന്തപുരം: ലഹരിക്കെതിരായ നാലാം ഘട്ട കാന്പയിൻ മത, സമുദായ പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പങ്കാളിത്തത്തോടെ ജൂണിൽ ആരംഭിക്കും.
വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ഊന്നൽ നൽകിയായിരിക്കും കാന്പയിൻ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലഹരി വിരുദ്ധ കാന്പയിനുമായി ബന്ധപ്പെട്ടു ചേർന്ന മതമേലധ്യക്ഷന്മാരുടെ യോഗത്തിലും സർവകക്ഷിയോഗത്തിലുമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ലഹരി ഉപഭോഗവും വ്യാപനവും തടയുന്നതിനൊപ്പം കുട്ടികളിലും യുവാക്കളിലും വർധിച്ചുവരുന്ന അക്രമോത്സുകതയെ ശാസ്ത്രീയമായി നേരിടുന്ന തിനും വിപുലമായ കാന്പയിനിലൂടെ ഉദ്ദേശിക്കുന്നു. ഇതിനായി വിദഗ്ധരടങ്ങുന്ന ഒരു "തിങ്ക് ടാങ്ക് ’ രൂപീകരിച്ചിട്ടുണ്ട്. ഇവർ നടത്തുന്ന ആശയവിനിമയത്തിലൂടെ പ്രവർത്തന രൂപരേഖ തയാറാക്കും. വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ഒത്തുകൂടുന്ന സവിശേഷ ദിവസങ്ങൾ, അവസരങ്ങൾ എന്നിവയിൽ ലഹരിവിരുദ്ധ സന്ദേശം നൽകണം.
"നോ ടു ഡ്രഗ്സ്'കാന്പയിനിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്ന പരിപാടികളിലെല്ലാം പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാൻ എല്ലാ സാമുദായിക സംഘടനകളും തയാറാകണം. യുവജന, മഹിള, വിദ്യാർഥി വിഭാഗങ്ങളുള്ള സാമുദായിക സംഘടനകൾ അവരുടെ യോഗം വിളിച്ച് ലഹരിവിരുദ്ധ കാന്പയിൻ വിജയിപ്പിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകണം. സണ്‍ഡേ ക്ലാസുകൾ, മദ്രസ ക്ലാസുകൾ, ഇതര ധാർമിക വിദ്യാഭ്യാസ ക്ലാസുകൾ മുതലായവയിൽ ലഹരിവിരുദ്ധ ആശയങ്ങൾ ഉൾപ്പെടുത്തുന്നതു പരിഗണിക്കണം.
"നോ ടു ഡ്രഗ്സ്' കാന്പയിനിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്ന പരിപാടികളിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയാറാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.