വിയോഗം വിശ്വസിക്കാനാകാതെ മൂന്നു പെൺമക്കൾ
Wednesday, April 16, 2025 3:09 AM IST
അതിരപ്പിള്ളി: വനവിഭവങ്ങൾ ശേഖരിക്കാൻ സ്ഥിരമായി ഭർത്താവിനൊപ്പം കാട്ടിലേക്കു പോകാറുള്ള അംബിക കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചെന്ന സത്യം വിശ്വസിക്കാനാകാതെ മക്കൾ. അംബികയ്ക്കും ഭർത്താവ് രവിക്കും ഏറെ പരിചിതമായ സ്ഥലത്താണ് ടെന്റുകെട്ടി താമസിച്ചത്.
വിഷുവിനു തലേന്നു തിരിച്ചെത്തി ഭക്ഷ്യസാധനങ്ങൾ വാങ്ങിയിരുന്നു. വിഷുദിനത്തിൽ വൈകുന്നേരം തിരിച്ചെത്തുമെന്നും ഒന്നിച്ചു ഭക്ഷണംകഴിക്കാമെന്നും ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് അറിയുന്നത് അംബികയുടെ മരണവാർത്തയാണ്.
രവി-അംബിക ദന്പതികൾക്കു മൂന്നു പെണ്‍കുട്ടികളാണ്. പത്താംക്ലാസ് പരീക്ഷയെഴുതിയ രാജിക്കും ഏഴാം ക്ലാസ് വിദ്യാർഥിനിയായ ധന്യക്കും പ്ലസ്ടു കഴിഞ്ഞുനിൽക്കുന്ന രജിതയ്ക്കും ഇപ്പോഴും അമ്മയുടെ മരണം ഉൾക്കൊള്ളാനായിട്ടില്ല.
ഇന്നലെ രാവിലെയാണ് വിവരമറിഞ്ഞതെന്നു രവിയുടെ സഹോദരി പറഞ്ഞു. കുട്ടികൾക്കൊപ്പം മൃതദേഹം കാണാൻ ശ്രമിച്ചെങ്കിലും ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
ആദ്യമാദ്യം തേൻശേഖരിച്ച് എല്ലാ ദിവസവും മടങ്ങിയെത്തിയിരുന്നു. പിന്നീട് ഒരാഴ്ചയോളം താമസിച്ചാണു മടക്കം. ഇടയ്ക്കു രണ്ടാഴ്ചയോളം കാട്ടിൽ തങ്ങി. കാട്ടിലെത്തിയശേഷവും വിഷുവിന്റെ അന്നു രാത്രി എത്തുമെന്നു ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു.