മാസപ്പടി കേസ്; എസ്എഫ്ഐഒ കുറ്റപത്രം ഇഡിക്ക്
Wednesday, April 16, 2025 3:36 AM IST
കൊച്ചി: മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറി. പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി നല്കിയ അപേക്ഷ എറണാകുളം അഡീഷണല്‍ കോടതി അംഗീകരിച്ചു. കുറ്റപത്രം പരിശോധിച്ചശേഷം തുടര്‍നടപടികളിലേക്ക് ഇഡി നീങ്ങും.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ പ്രതിസ്ഥാനത്തുള്ള എക്സാലോജിക്- സിഎംആര്‍എല്‍ മാസപ്പടി ഇടപാടില്‍ ഇന്‍കം ടാക്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഡി നേരത്തേതന്നെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു.
സിഎംആര്‍എല്ലിനും വീണയുടെ സ്ഥാപനത്തിനുമെതിരേയാണ് ഇഡി അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് എസ്എഫ്ഐഒ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇഡി ആവശ്യപ്പെട്ടത്.
എസ്എഫ്ഐഒ കുറ്റപത്രം പരിശോധിച്ച് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നു കണ്ടെത്തിയശേഷമായിരിക്കും ഇഡിയുടെ തുടര്‍നടപടി.
എസ്എഫ്ഐഒ നല്കിയ കുറ്റപത്രത്തില്‍ എക്സാലോജിക് കമ്പനി ഉടമയായ വീണ തൈക്കണ്ടിയില്‍, സിഎംആര്‍എല്‍ കമ്പനിയുടെ പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവരാണു പ്രതികള്‍.
വീണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കമ്പനി നിയമമനുസരിച്ച് പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എസ്എഫ്ഐഒ ചുമത്തിയിട്ടുള്ളത്.
സേവനം നല്‍കാതെ വീണ 2.7 കോടി രൂപ കൈപ്പറ്റി, രാഷ്ട്രീയനേതാക്കള്‍ക്ക് സിഎംആര്‍എല്‍ 182 കോടി രൂപ കോഴയായി നല്കി, കര്‍ത്തയുടെ മരുമകന് ആനന്ദ പണിക്കര്‍ക്ക് 13 കോടി രൂപ കമ്മീഷന് നല്കി, സിഎംആര്‍എല്‍ ഈ തുക കള്ളക്കണക്കില്‍ എഴുതി വകമാറ്റി എന്നിവയാണ് എസ്എഫ്ഐഒയുടെ കണ്ടെത്തല്‍.