ഇല്ലാത്ത സേവനത്തിന് പ്രതിഫലം; മുഖ്യമന്ത്രിക്കും മകള്‍ക്കും നോട്ടീസ്
Thursday, April 17, 2025 2:09 AM IST
കൊച്ചി: എക്സാലോജിക് സൊലൂഷന്‍സിന്, ഇല്ലാത്ത സേവനത്തിന്റെ പേരില്‍ സിഎംആര്‍എല്‍ കമ്പനി പ്രതിഫലം നല്‍കിയെന്ന കണ്ടെത്തലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമടക്കം നോട്ടീസയച്ച് ഹൈക്കോടതി.
ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നവരുടെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനും ജസ്റ്റീസുമാരായ അമിത് റാവലും പി.എം. മനോജും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
മാധ്യമപ്രവര്ത്തകന് എം.ആര്. അജയന് സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയിലാണു നടപടി. ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെയാണു നോട്ടീസിന് കോടതി നിര്‍ദേശിച്ചത്. ഹര്‍ജി മേയ് 27ന് വീണ്ടും പരിഗണിക്കും.
എക്സാലോജിക്കും വീണയും മുഖേന മുഖ്യമന്ത്രിക്കാണു സിഎംആര്‍എല്‍ പണം നല്‍കിയതെന്നാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും ഇതില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
സിഎംആര്‍എല്‍ എംഡി അടക്കമുള്ളവര്‍ ആദായനികുതി വകുപ്പിന് മുന്പിൽ ഫയല്‍ ചെയ്ത രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന ഇടക്കാല ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.