കെ.കെ. രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി
Wednesday, April 16, 2025 3:09 AM IST
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണു നിയമനം.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ സെക്രട്ടറിസ്ഥാനത്തേക്ക് രാഗേഷിനെ നിയോഗിക്കാനുള്ള തീരുമാനമുണ്ടായത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടയുടൻ പിഎസ് സ്ഥാനം രാജിവച്ചു. പുതിയ 12 അംഗ ജില്ലാ സെക്രട്ടേറിയറ്റിനെയും യോഗം തെരഞ്ഞെടുത്തു.
എസ്എഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, അഖിലേന്ത്യ പ്രസിഡന്റ്, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച രാഗേഷ് 2015ൽ രാജ്യസഭാ എംപിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ. സുധാകരനോടു മത്സരിച്ച് തോറ്റു. അഖിലേന്ത്യ കിസാൻ സഭയുടെ കേന്ദ്രനേതൃത്വത്തിന്റെ ഭാഗമായും കെ.കെ. രാഗേഷ് പ്രവർത്തിച്ചിരുന്നു. കാഞ്ഞിരോട് വീവേഴ്സ് സൊസൈറ്റിയിൽനിന്ന് നെയ്ത്തുതൊഴിലാളിയായ വിരമിച്ച സി. ശ്രീധരൻ - കെ.കെ. യശോദ ദന്പതികളുടെ മകനാണ്.
എഴുത്തുകാരനും ചിന്തകനുമായ തളിപ്പറന്പ് അള്ളാംകുളത്തെ വർഗീസിന്റെ മകൾ പ്രിയയാണു ഭാര്യ. ശാരിക, ചാരുത എന്നിവർ മക്കൾ.