അനധികൃത സ്വത്തുസമ്പാദന കേസ്: അപ്പീൽ നൽകാൻ കെ.എം. ഏബ്രഹാം
Wednesday, April 16, 2025 3:09 AM IST
തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന കേസിലെ സിബിഐ അന്വേഷണ ഉത്തരവിനെതിരേ അപ്പീൽ നൽകാനൊരുങ്ങി കെ.എം. ഏബ്രഹാം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നിയമവിദഗ്ധരുമായി കൂടിയാലോചന തുടങ്ങി.
അനധികൃത സ്വത്ത് സമ്പാദിച്ചതായി പ്രഥമദൃഷ്ട്യാ കണ്ടെത്തി എന്നു പറഞ്ഞാണ് കോടതി കെ.എം. ഏബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ കേസിൽ തന്റെ വാദം കോടതി കേട്ടില്ല എന്ന വാദമുയർത്തിയാണ് അദ്ദേഹം അപ്പീൽ നൽകാനൊരുങ്ങുന്നത്. ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെതിരേ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് നിലവിലെ വിവരം.
അതേസമയം, കിഫ്ബി സിഇഒ സ്ഥാനം സ്വയം ഒഴിയില്ലെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കട്ടെ എന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്ഥാനമൊഴിഞ്ഞാൽ അത് തനിക്കെതിരേ ആരോപണം ഉന്നയിച്ചവരുടെ വിജയമാകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കിഫ്ബി ജീവനക്കാർക്കുള്ള വിഷുദിന സന്ദേശത്തിലാണ് അദ്ദേഹം കേസിനെ സംബന്ധിച്ചുള്ള വിശദമായ പ്രതികരണവും തന്റെ നിലപാടും വ്യക്തമാക്കിയത്.
സന്ദേശത്തിൽ കോടതിവിധിയെ അടക്കം അദ്ദേഹം വിമർശിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് താൻ സമർപ്പിച്ച രേഖകൾ കോടതി വേണ്ടവിധം പരിശോധിച്ചോ എന്ന് തനിക്കു സംശയമുണ്ടെന്നും നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതിവിധിയുണ്ടായിരിക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം. കേസിലെ ഹർജിക്കാർക്ക് തന്നോടുള്ള ശത്രുതയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
കേസിൽ തന്റെ വാദം കേട്ടില്ലെന്ന ഏബ്രഹാമിന്റെ നിലപാടിനെ സംസ്ഥാന സർക്കാരും പിന്തുണയ്ക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.