ആനയുടെ ആക്രമണം ആദ്യമെന്നു രമ
Wednesday, April 16, 2025 3:09 AM IST
അതിരപ്പിള്ളി: വനസംരക്ഷണസമിതിയുടെ ജോലിയുടെ ഇടവേളകളിൽ തേൻ ശേഖരിക്കാൻ നിരവധിതവണ പോയിട്ടും ആനയുടെ ആക്രമണം ഇതാദ്യമെന്നു കൊല്ലപ്പെട്ട സതീഷിന്റെ ഭാര്യ രമ.
ആനയുടെ സാന്നിധ്യമുള്ള മേഖലയാണെങ്കിലും തീകൂട്ടിയാൽ അടുത്തേക്ക് എത്താറില്ല. സംഭവദിവസവും തീകൂട്ടിയിരുന്നെങ്കിലും മഴയിൽ അണഞ്ഞു. അതിരപ്പിള്ളിയിലേക്ക് അധികദൂരമില്ലെങ്കിലും രാത്രി ആനയിറങ്ങുന്നതിനാൽ അപകടസാധ്യത ഒഴിവാക്കാനാണ് ടെന്റുകെട്ടി തങ്ങുന്നത്.
മാസത്തിൽ 15 ദിവസംവീതം ഊഴമിട്ടാണ് കാടർവിഭാഗക്കാർ വനസംരക്ഷണസമിതിയിൽ പ്രവർത്തിക്കുന്നത്. 600 രൂപയാണു കൂലി. ബാക്കിയുള്ള സമയങ്ങളിൽ തേൻ ശേഖരിക്കും. ഇപ്പോൾ കാട്ടുതേനെടുക്കുന്ന കാലമാണെന്നു രമ പറഞ്ഞു.
ചാലക്കുടിയിലോ വനസംരക്ഷണസമിതിയുടെ സൊസൈറ്റിയിലോ ആണ് തേൻ വിൽക്കാറ്. ലൈഫ് പദ്ധതിയിൽ ആദിവാസിവിഭാഗങ്ങൾക്കു വീടുനൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സതീഷ് വീടു നിർമിച്ചത്.
സംഭവം നടന്ന അന്നു രാത്രിയാണു മറ്റൊരു സംഘത്തിനൊപ്പം തേൻ ശേഖരിച്ചുമടങ്ങിയതെന്നു രമയുടെ ബന്ധുവായ വേണു പറഞ്ഞു.