പിഎം ശ്രീ പദ്ധതി: മന്ത്രിസഭ പരിഗണിച്ചില്ല
Thursday, April 17, 2025 2:08 AM IST
തിരുവനന്തപുരം: സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അടക്കം പൊതുവിദ്യാഭ്യാസ മേഖലയിൽ പണം അനുവദിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം ശ്രീ പദ്ധതി സംസ്ഥാനത്തു നടപ്പാക്കുന്നതു സംബന്ധിച്ചു സിപിഐയുടെ കടുത്ത എതിർപ്പിനെ തുടർന്നു മാറ്റിവച്ച ഫയൽ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം പരിഗണിച്ചില്ല.
ഇക്കാര്യത്തിൽ കാര്യമായ ചർച്ച നടന്നില്ല. ഇന്നലത്തെ മന്ത്രിസഭയിൽ കൊണ്ടുവരുമെന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും ഇന്നലെ ചേർന്ന മന്ത്രിസഭയിൽ ഇക്കാര്യം ചർച്ചയായില്ല.
ഇനി എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷം മാത്രമേ കേന്ദ്ര ഫണ്ട് ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുകയുള്ളൂവെന്നാണു വിവരം. എന്നാൽ, പിഎംശ്രീയുടെ കോടികളുടെ കേന്ദ്രഫണ്ട് കേരളത്തിനു വേണമെന്നാണു സിപിഎം നിലപാട്.
പിഎംശ്രീ പദ്ധതിക്കെതിരേ സിപിഐ മുഖപത്രം മുഖപ്രസംഗവുമായി രംഗത്ത് എത്തിയിരുന്നു. സിപിഐ അനുകൂല അധ്യാപക സംഘടനയും ഇതിനെ കടുത്ത ഭാഷയിൽ വിമർശിച്ചു രംഗത്ത് എത്തിയിരുന്നു.
കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭയിൽ കേന്ദ്ര ഫണ്ട് ലഭിക്കുന്ന പദ്ധതിയിൽ കേന്ദ്രം നിർദേശിക്കുന്ന സിലബസും കരിക്കുലവും നിർദേശിക്കേണ്ടി വരുമോ എന്ന സിപിഐ മന്ത്രിമാരുടെ ചോദ്യത്തിനു മുഖ്യമന്ത്രിക്കും പൊതു വിദ്യാഭ്യാസ മന്ത്രിക്കും മറുപടി നൽകാനായില്ല. തുടർന്ന് സിപിഐ മന്ത്രിമാരുടെ എതിർപ്പിനെ തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു.
വിദ്യാഭ്യാസത്തിൽ സ്വകാര്യവത്കരണവും വർഗീയവത്കരണവും പ്രോത്സാഹിപ്പിക്കുന്നതാണ് എൻഇപി എന്നാണ് ഇടതുസംഘടനകളുടെ വാദം. ഒരു ബ്ലോക്കിൽ രണ്ടു സ്കൂളുകളിൽ പദ്ധതി നടപ്പാക്കിയതിന്റെ മികവു പ്രദർശിപ്പിക്കണമെന്നാണ് കേന്ദ്രനയം.
പിഎം ശ്രീയുമായി ബന്ധപ്പെട്ടു സ്കൂളിന്റെ പേരിലും മാറ്റം വരുത്തേണ്ടിവരും. ഒരു സ്കൂളിന് ഒരുകേ ാടിയോളം രൂപ സഹായം ലഭിക്കുന്നതാണ് പദ്ധതി. കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കേണ്ട സമഗ്രശിക്ഷാ കേരളം വഴിയാണ് പിഎം ശ്രീ നടപ്പാക്കേണ്ടത്.
സിബിഐ അന്വേഷണം നേരിടുന്ന ഡോ.കെ.എം. ഏബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിലനിർത്തുമോ എന്ന കാര്യത്തിൽ മന്ത്രിസഭയിൽ ചർച്ച വരുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒരു മന്ത്രിയും ഇക്കാര്യം ഉന്നയിക്കാത്തതിനാലും മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ച് ഒന്നും പറയാത്തതിനാലും ഈ വിഷയത്തിലും മന്ത്രിസഭയിൽ ചർച്ചയുണ്ടായില്ല.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സ്ഥാനത്തും കിഫ്ബി സിഇഒ സ്ഥാനത്തും കെ.എം. ഏബ്രഹാം തുടരണമോ എന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്നു കഴിഞ്ഞ ദിവസം കെ.എം. ഏബ്രഹാം വ്യക്തമാക്കിയിരുന്നു.