സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി, യുവാവ് അറസ്റ്റിൽ
Thursday, April 17, 2025 2:08 AM IST
വാടാനപ്പിള്ളി: മദ്യലഹരിയിൽ സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളിൽനിന്നു താഴേക്കു തള്ളിയിട്ടശേഷം സിമന്റ് ഇഷ്ടികകൊണ്ട് ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി പടിഞ്ഞാറ്റേതിൽ അനിൽകുമാർ (40) ആണു കൊല്ലപ്പെട്ടത്.
സംഭവത്തിൽ സുഹൃത്തും ഒപ്പം താമസിച്ചിരുന്നയാളുമായ കോട്ടയം കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സാജൻ ചാക്കോ (39) യെ വാടാനപ്പിള്ളി പോലീസ് സംഭവസ്ഥലത്തുനിന്ന് പിടികൂടി.
തൃത്തല്ലൂർ മൊളുബസാറിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. ചൊവ്വാഴ്ച രാത്രി 11.30 ന് ഇരുവരും താമസിക്കുന്ന വീടിന്റെ ഒന്നാംനിലയിൽവച്ച് മദ്യപിച്ചു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ സാജൻ അനിൽകുമാറിനെ മുകളിൽനിന്നു താഴേക്കു തള്ളിയിടുകയും വലിയ സിമന്റ് ഇഷ്ടികകൊണ്ട്ു തലയിലും നെഞ്ചത്തും ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം പ്രതിതന്നെയാണു പോലീസിനെയും സ്ഥാപന ഉടമയെയും വിവരമറിയിച്ചത്. പോലീസെത്തി അനിൽകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്നുവർഷം മുന്പാണ് അനിൽകുമാർ ഇവിടെ ജീവനക്കാരനായി എത്തിയത്. സാജനാണ് സുഹൃത്തായ അനിലിനെ ജോലിക്കായി തന്റെ സ്ഥാപനത്തിലേക്കു കൊണ്ടുവന്നത്.
വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.എസ്. ബിനു, സബ് ഇൻസ്പെക്ടർമാരായ ശ്രീലക്ഷ്മി, റഫീഖ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജ്കുമാർ, ജിനേഷ്, സിവിൽ പോലീസ് ഓഫീസർ അമൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്്.