ലഹരി ഉപയോഗിച്ചെത്തിയ നടൻ സെറ്റിൽ മോശമായി പെരുമാറി: വിൻസി അലോഷ്യസ്
Wednesday, April 16, 2025 3:09 AM IST
കൊച്ചി: ലഹരി ഉപയോഗിച്ചു സിനിമാസെറ്റിലെത്തിയ നടനിൽനിന്ന് ദുരനുഭവമുണ്ടായെന്നു നടി വിൻസി അലോഷ്യസ്.
അത്രയും ബോധമില്ലാത്ത ഒരാള്‍ക്കൊപ്പം ജോലി ചെയ്യണമെന്നു താത്പര്യമില്ലെന്നറിയിച്ച് താൻ സിനിമയിൽ നിന്നു പിന്മാറിയതാണ്. സെറ്റിലെ എല്ലാവരും ക്ഷമ പറഞ്ഞതിനെത്തുടർന്നാണു ചിത്രീകരണം പൂർത്തിയാക്കിയതെന്നും വിൻസി സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി.
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ലെന്നു നേരത്തേ കെസിവൈഎമ്മിന്റെ ലഹരിവിരുദ്ധ പരിപാടിയിൽ വ്യക്തമാക്കിയതിന്റെ പേരിലുണ്ടായ പ്രതികരണങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് വിൻസി അലോഷ്യസ് വീഡിയോ പോസ്റ്റ് ചെയ്തത്.
വിൻസിയുടെ വാക്കുകൾ:
ലഹരി ഉപയോഗിക്കുന്നവര്‍ വ്യക്തിജീവിതത്തില്‍ എന്തും ചെയ്തോട്ടെ. പക്ഷേ പൊതുവിടത്ത് ശല്യമാകരുതല്ലോ. അങ്ങനെയുള്ളവര്‍ക്കു പരോക്ഷമായി പിന്തുണ കൊടുക്കുന്നവരുണ്ട്. അവരെപ്പോലുള്ളവര്‍ക്ക് സിനിമകളുണ്ട്.
അവരെ വച്ച് സിനിമകള്‍ ചെയ്യാന്‍ ആള്‍ക്കാരുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് അവര്‍ക്ക് വിനോദമാണ്. എന്റെ ജീവിതത്തില്‍ ആല്‍ക്കഹോള്‍, സിഗരറ്റ്, മയക്കുമരുന്ന് തുടങ്ങി എന്റെ മനസിനെയോ ആരോഗ്യത്തെയോ ബാധിക്കുന്ന ഒന്നും ജീവിതത്തിലുണ്ടാകില്ലെന്നുറപ്പിച്ചിട്ടുള്ളതാണ്.
ഞാനൊരു സിനിമയുടെ ഭാഗമായപ്പോള്‍ ആ സിനിമയിലെ പ്രധാന താരത്തില്‍നിന്നു നേരിടേണ്ടിവന്ന അനുഭവമാണ് എന്റെ നിലപാടിനു പ്രേരണയായത്. അയാള്‍ ലഹരി ഉപയോഗിച്ച്, പറഞ്ഞാലും മനസിലാകാത്ത രീതിയിലും മോശമായും എന്നോടും സഹപ്രവര്‍ത്തകയോടും പെരുമാറി.
എന്റെ വസ്ത്രത്തിലുണ്ടായ പ്രശ്നം ശരിയാക്കാന്‍ പോയപ്പോള്‍, ഞാനും വരാം, ഞാന്‍ വേണമെങ്കില്‍ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അയാൾ വന്നു. തുടർന്ന് സെറ്റിൽ അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു.
ഒരു സീന്‍ പ്രാക്ടീസ് ചെയ്യുന്നതിനിടയില്‍ ഈ നടന് വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. സിനിമാസെറ്റില്‍ ഇതുപയോഗിക്കുന്നുണ്ട് എന്നത് വളരെ വ്യക്തമാണ്. സിനിമാസെറ്റില്‍ ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം എനിക്ക് ജോലി ചെയ്യാന്‍ താത്പര്യമില്ല.
അത്രയും ബോധമില്ലാത്ത ഒരാള്‍ക്കൊപ്പം ജോലിചെയ്യണമെന്നു താത്പര്യമില്ല. ഇത് എന്റെ വ്യക്തിപരമായ അനുഭവംകൊണ്ട് ഞാനെടുക്കുന്ന തീരുമാനമാണ്. എന്റെ ബുദ്ധിമുട്ട് എല്ലാവരും അറിയുകയും സംവിധായകന് അയാളോട് സംസാരിക്കുകയും ചെയ്തു.
എല്ലാവരും ക്ഷമാപണത്തോടെ സമീപിച്ചതോടെയാണു സിനിമ തീർത്തത്. സിനിമ പക്ഷേ നല്ലതായിരുന്നു. പക്ഷേ ആ വ്യക്തിയില്‍നിന്നുണ്ടായ അനുഭവം അങ്ങനെയല്ലായിരുന്നു. അതിന്റെ പേരിലാണ് ഞാനാ തീരുമാനമെടുക്കുന്നത്.
സിനിമയില്ലെങ്കില്‍ സിനിമയില്ല എന്നു പറയാനുള്ള മനോധൈര്യവും മനക്കട്ടിയുമുള്ള വ്യക്തിയാണു ഞാന്‍. ഒരു നിലപാട് ഒരു വ്യക്തി എടുക്കുന്നുണ്ടെങ്കില്‍ അതു നിലപാട് തന്നെയാണെന്ന് വിൻസി പറഞ്ഞു.