രാജഗിരി ആശുപത്രിയിൽ മാലദ്വീപ് സ്വദേശിനിക്ക് പുതുജീവന്‍
Thursday, April 17, 2025 2:08 AM IST
കൊച്ചി : അപൂര്‍വ രക്താര്‍ബുദം ബാധിച്ച മാലദ്വീപ് സ്വദേശിനിയുടെ മൂലകോശം വിജയകരമായി മാറ്റിവച്ച് രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍.
യോജിച്ച ദാതാവിനെ കിട്ടാതെ വന്നതോടെ പത്തില്‍ ഏഴ് പൊരുത്തമുള്ള സ്വന്തം സഹോദരന്റെ മൂലകോശം മാറ്റിവയ്ക്കുകയായിരുന്നു. ഹാപ്ലോ ഐഡന്റിക്കല്‍ ട്രാന്‍സ്പ്ലാന്റിനുശേഷം ആരോഗ്യം വീണ്ടെടുത്ത യുവതി ആശുപത്രി വിട്ടു.
രക്തത്തിലെ കൗണ്ടില്‍ അനിയന്ത്രിതമായ വ്യതിയാനവുമായാണ് മാലദ്വീപ് സ്വദേശി സുമാന ഭര്‍ത്താവുമൊത്ത് രാജഗിരി ആശുപത്രിയില്‍ എത്തിയത്. ഹെമറ്റോളജി വിഭാഗത്തിലെ ഡോ. റോയ് ജെ. പാലാട്ടി നടത്തിയ പരിശോധനയില്‍ സുമാനയ്ക്ക് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ എന്ന അപൂര്‍വ രക്താര്‍ബുദമാണെന്നു കണ്ടെത്തി.
ആദ്യം കീമോ തെറാപ്പി നിര്‍ദേശിച്ചെങ്കിലും തുടര്‍ പരിശോധനയില്‍ ജീവനുതന്നെ അപകടകരമായ ഘടകങ്ങള്‍ കണ്ടെത്തി. കീമോതെറാപ്പിക്കുശേഷം മൂലകോശം കൂടി മാറ്റിവച്ചാല്‍ മാത്രമേ രോഗത്തെ പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഡോക്ടര്‍ സുമാനയുടെ ബന്ധുക്കളെ അറിയിച്ചു.
ഡോണര്‍ രജിസ്റ്ററിയില്‍ പേര് നല്‍കിയെങ്കിലും ലോകമെമ്പാടുമുളള മൂലകോശ ദാതാക്കളില്‍ അമേരിക്കയിലുളള ഒരു വ്യക്തിയെ മാത്രമാണു യോജിച്ചതായി കിട്ടിയത്. പ്രായോഗികബുദ്ധിമുട്ടും സമയബന്ധിതമായി മൂലകോശം ലഭിക്കാനുള്ള തടസവും നേരിട്ടതോടെ ഹാപ്ലോ ഐഡന്റിക്കല്‍ ട്രാന്‍സ്പ്ലാന്റ് സാധ്യതയെക്കുറിച്ച് ഡോക്ടര്‍ കുടുംബാംഗങ്ങളോട് വിശദീകരിച്ചു. തുടര്‍ന്നാണ് സഹോദരന് അബ്ദുള്‍ ഖരീബ് മൂലകോശം സുമാനയ്ക്കു നല്കാന് തയാറായത്.
ഹെവി ഡോസ് കീമോതെറാപ്പി നല്കി രോഗിയുടെ മജ്ജയിലെ മൂലകോശങ്ങള്‍ പൂര്‍ണമായി നീക്കിയശേഷമാണ് ദാതാവില്‍നിന്നും മൂലകോശം മാറ്റിവച്ചത്. ഈ സമയത്ത് രോഗിയുടെ പ്രതിരോധശേഷി നന്നേ കുറയുകയും അണുബാധ സാധ്യത തീവ്രമാകാനും സാധ്യതയുള്ളതിനാല്‍ ഹെപ്പാ ഫില്‍റ്റര്‍, പോസിറ്റീവ് പ്രഷര്‍ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളോടുകൂടി സജ്ജീകരിച്ച ഐസോലേഷന് മുറിയിലായിരുന്നു രോഗിയെ പരിചരിച്ചത്. മൂന്നാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവിലാണ് സുമാന വീട്ടിലേക്കു മടങ്ങിയത്.
രക്തമൂലകോശ ദാതാവിനെ കണ്ടെത്തുന്നതിന് വിവിധ രജിസ്റ്ററികള് നിലവിലുണ്ടെങ്കിലും ഇവയില്‍ അംഗങ്ങളാകുന്നവരും മൂലകോശം നല്കാന് തയാറാകുന്നവരും കുറവാണെന്നതാണ് ഹാപ്ലോ ഐഡന്റിക്കല്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ കാരണമെന്ന് ഡോ. റോയ് ജെ. പാലാട്ടി പറഞ്ഞു.