വഖഫ് നിയമ ഭേദഗതിക്കെതിരേ മഹാറാലി നടത്തി മുസ്ലിം ലീഗ്
Thursday, April 17, 2025 2:08 AM IST
കോഴിക്കോട്: വഖഫ് നിയമ ഭേദഗതി ബില്ലിനെതിരേ കോഴിക്കോട് കടപ്പുറത്ത് മഹാറാലി സംഘടിപ്പിച്ച് മുസ്ലിം ലീഗ്. രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മുനമ്പത്തെ ദുരുപയോഗപ്പെടുത്തുകയാണെന്നു റാലി ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മര്യാദയ്ക്ക് പരിഹരിക്കാവുന്ന വിഷയം നീട്ടി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു കൊണ്ടുപോയി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. മുനന്പത്ത് ശാശ്വതമായ പരിഹാരമാണ് ആവശ്യം.
വിശ്വാസികളുടെ ഭരണഘടനാ അവകാശമാണ് വഖഫ്. ഭേദഗതി ബില്‍ ഭരണഘടനാവിരുദ്ധമാണ്. കാവല്‍ക്കാരായ ഭരണകൂടം തന്നെ കൈയേറ്റക്കാരായ അവസ്ഥയാണ് സംഭവിച്ചത്. നിയമ നിര്‍മാണ സഭയെ അധപതിപ്പിക്കാന് മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. സുപ്രീം കോടതി ഹര്‍ജിക്കാരുടെ ഭാഗം കൂടുതല്‍ കേട്ടു. കോടതിയില്‍നിന്നു നീതി പ്രതീക്ഷിക്കാമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, തെലുങ്കാന മന്ത്രി ദന്‍സാരി അനസൂയ തുടങ്ങിയവര്‍ പങ്കെടുത്തു.