‘ദി ചോസണ്‍: ലാസ്റ്റ് സപ്പര്‍’ പ്രദര്‍ശനം ഇന്ന്
Thursday, April 17, 2025 2:08 AM IST
കൊച്ചി: ക്രിസ്തുവിന്റെ പീഡാസഹനത്തിന് തൊട്ടുമുമ്പുള്ള നിരവധി സുപ്രധാന നിമിഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ദ ചോസണ്‍’ ബൈബിള്‍ പരമ്പരയിലെ അന്ത്യഅത്താഴം പ്രമേയമാക്കിയുള്ള ‘ലാസ്റ്റ് സപ്പര്‍’ ഭാഗം ഇന്നു തിയറ്ററുകളിൽ പ്രദര്‍ശനം നടത്തും.
പെസഹാദിനമായ ഇന്ന് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ വിവിധ തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ബംഗളൂരു, മുംബൈ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലും പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. ബുക്ക്മൈ ഷോയില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
ജറൂസലെമിലേക്കുള്ള ക്രിസ്തുവിന്റെ രാജകീയ പ്രവേശനം, ദേവാലയ ശുദ്ധീകരണം, യൂദാസിന്റെ വഞ്ചന, അന്ത്യ അത്താഴം എന്നിവ ഉള്‍പ്പെടെ വികാരനിര്‍ഭരമായ നിരവധി സംഭവങ്ങള്‍ ‘ദ ചോസണ്‍: ലാസ്റ്റ് സപ്പറി’ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡാളസ് ജെങ്കിന്‍സ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോനാഥന് റൂമിയോയാണ് യേശുവിനെ അവതരിപ്പിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കി നിര്‍മിച്ച ‘ദി ചോസണ്‍’ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്.