പിഎം ശ്രീ; നടപ്പാക്കാൻ കഴിയാത്ത ചില വ്യവസ്ഥകളുണ്ടെന്നു മുഖ്യമന്ത്രി
Thursday, April 17, 2025 2:08 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ നടപ്പാക്കാൻ കഴിയാത്ത ചില വ്യവസ്ഥകളുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഇതിലെ നവ വിദ്യാഭ്യാസ പദ്ധതി (എൻഇപി) സംസ്ഥാനത്തിനു നടപ്പാക്കാൻ കഴിയാത്തതാണ്. സിപിഐയുടെ എതിർപ്പിനെക്കുറിച്ചുള്ള രാഷ്ട്രീയ ചോദ്യങ്ങൾക്കു മറുപടി പറയാതെ പിഎം ശ്രീ പദ്ധതിയിലെ നടപ്പാക്കാൻ കഴിയാത്ത വ്യവസ്ഥകളെ അദ്ദേഹം എതിർക്കുകയായിരുന്നു.
കെ.എം. ഏബ്രഹാമിന്റെ കാര്യത്തിൽ കോടതിയുടെ തീരുമാനം കൂടി അറിഞ്ഞശേഷം നടപടി
അനധികൃത സ്വത്തു സന്പാദന കേസിൽ സിബിഐ അന്വേഷണം ആരംഭിച്ച കേസിൽ ഡോ. കെ.എം. ഏബ്രഹാം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കോടതിയുടെ തീരുമാനംകൂടി അറിഞ്ഞ ശേഷം അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിലനിർത്തണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാജേഷിനെ അഭിനന്ദിച്ചതിന്റെ പേരിൽ ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യരെ കടന്നാക്രമിക്കുന്നത് അപക്വമായ മനസുകളുടെ ജൽപനങ്ങളായി മാത്രമേ കാണേണ്ടതുള്ളു.
പുരുഷ മേധാവിത്വത്തിന്റെ ചിന്തയിൽ നിന്ന് ഉയരുന്ന വിമർശനങ്ങളാണ് അവരെ ആക്രമിക്കുന്നത്. അവരുടെ ഭർത്താവിന്റെ വിരുദ്ധമായ രാഷ്ട്രീയ നിലപാടുകളെഎടുത്താണ് ആക്രമിക്കുന്നതെന്നും കോണ്ഗ്രസ് നേതാവ് കെ. മുരളീധരൻ അടക്കമുള്ളവരുടെ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.
എന്നാൽ, യുക്തിക്കു നിരക്കാത്ത കാര്യങ്ങളാണ് മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനായ സസ്പെൻഷനിലുള്ള എൻ. പ്രശാന്തിൽ നിന്ന് ഉയരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറുടെ വിമർശനം രാഷ്ട്രീയ നിലപാടിനോടു യോജിക്കുന്നത്
ബില്ലുകൾ നിശ്ചിത സമയപരിധിക്കകം ഗവർണർമാർ ഒപ്പുവയ്ക്കണമെന്ന സുപ്രീംകോടതി വിധിയെ വിമർശിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പ്രേരണാ നിലപാടിനോടു യോജിക്കുന്ന വിമർശനമാണ് അദ്ദേഹം ഉന്നയിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധിക്കെതിരേ ഗവർണർ നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നു. അതു സ്വീകരിച്ചത് രാഷ്ട്രീയ പ്രേരണയുടെ ഭാഗമാകും. മുൻ ഗവർണറുടെ നിലപാടിൽ നിന്നു വ്യത്യസ്തമായി സർക്കാരുമായി യോജിച്ചു പോകുന്ന സമീപനമാണ് പുതിയ ഗവർണർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.കെ. രാഗേഷിനു പകരം മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി എപ്പോൾ വരുമെന്ന ചോദ്യത്തിന് സമയമാകുന്പോൾ വരുമെന്നായിരുന്നു മറുപടി.