ആശാ വർക്കർമാരുടെ സമരം 65 ദിവസം പിന്നിട്ടു
Wednesday, April 16, 2025 3:36 AM IST
തിരുവനന്തപുരം: ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ആരംഭിച്ചിട്ട് 65 ദിനങ്ങൾ പിന്നിട്ടു.
പ്രതിദിനം നൂറു രൂപ വർധിപ്പിക്കണമെന്ന തങ്ങളുടെ ആവശ്യം പോലും സർക്കാർ പരിഗണിക്കാത്തതിൽ നിരാശരാണെന്ന് ആശമാർ പറഞ്ഞു. വീണ്ടും ഒരു ചർച്ചയ്ക്കു മന്ത്രി ക്ഷണിക്കുമെന്ന പ്രതീക്ഷയിലാണു സമരക്കാർ.
നിരാഹാര സമരത്തിന്റെ 27-ാം ദിനത്തിൽ അസോസിയേഷൻ സംസ്ഥാന സമിതിയംഗവും കണ്ണമൂല യുപിഎച്ച്സിയിലെ ആശവർക്കറുമായ അറുപത്തിയൊന്നുകാരി എം.എ. ശാന്തമ്മ ആരോഗ്യനില വഷളായതിനെ തുടർന്ന് നിരാഹാര സമരം അവസാനിപ്പിച്ചു. പകരം കണ്ണമൂല യുപിഎച്ച്സി യിലെതന്നെ ആശാവർക്കറായ ജി. ഉഷ നിരാഹാര സമരം ഏറ്റെടുത്തു.