ജില്ലാ കളക്ടറെ സിപിഎം തടഞ്ഞത് രാഷ്ട്രീയനേട്ടത്തിന്: ജോസഫ് ടാജറ്റ്
Wednesday, April 16, 2025 3:09 AM IST
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച ആദിവാസികളുടെ പോസ്റ്റ്മോർട്ടം നടന്ന ചാലക്കുടി സർക്കാർ ആശുപത്രിയിൽ വരാമെന്നേറ്റ ജില്ലാ കളക്ടറെ സിപിഎം ജില്ലാ നേതൃത്വം തടഞ്ഞതു രാഷ്ട്രീയനേട്ടത്തിനാണെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്.
കാട്ടാന ചവിട്ടിക്കൊന്നതാണെന്നു വ്യക്തമായിട്ടും വെള്ളത്തിൽവീണു മരിച്ചതാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതുകൊണ്ടാണ് ആദിവാസി ഊരിന്റെ ആവശ്യപ്രകാരം ബെന്നി ബഹനാൻ എംപി കളക്ടർ വരണമെന്ന് ആവശ്യപ്പെട്ടത്.
വരാമെന്നേറ്റിട്ടും രണ്ടുമണിക്കൂർ കഴിഞ്ഞാണ് കളക്ടർ വരില്ലെന്നുപറഞ്ഞ്, സ്ഥലത്തു ദീർഘനേരം ഉണ്ടായിരുന്ന സബ് കളക്ടർ ചർച്ചയ്ക്കു വന്നത്. അതിനിടയിലാണ് മരിച്ചവരുടെ ബന്ധുക്കളെ സിപിഎം നേതാക്കൾ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തെറ്റിദ്ധരിപ്പിച്ച് മൃതദേഹം എംപിയെ കബളിപ്പിച്ച് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
കളക്ടറേറ്റിൽനിന്നു പുറപ്പെട്ട ജില്ലാ കളക്ടർ വഴിക്കുവച്ച് മടങ്ങിപ്പോയതു സിപിഎമ്മിന്റെ ഇടപെടൽമൂലമാണ്. മരണം സംഭവിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കേണ്ട ജില്ലാ കളക്ടർ സിപിഎം നേതൃത്വത്തിന്റെ നിർദേശത്താൽ സ്ഥലത്ത് എത്താതിരുന്നതു ഗുരുതരവീഴ്ചയാണെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു.