മുഖ്യമന്ത്രിയുടെ രാജി തേടി കോണ്ഗ്രസ് പ്രക്ഷോഭത്തിലേക്ക്
Thursday, April 17, 2025 2:08 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്ഗ്രസ് വൻ പ്രക്ഷോഭത്തിലേക്ക്.മേയ് ആറിനു തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളിൽ കളക്്ടറേറ്റിലേക്കുമാണ് മാർച്ച് നടത്തുക.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസിപ്രസിഡന്റുമാരുടെയും യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
മുഖ്യമന്ത്രി മാസപ്പടി കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വ്യക്തമാണ്. അദ്ദേഹത്തിന്റെ മകൾക്കെതിരേ കുറ്റപത്രം നല്കിക്കഴിഞ്ഞു. മുഖ്യമന്ത്രിതന്നെ അഴിമതിയിൽ മുങ്ങിനില്ക്കുന്പോൾ അത് ഉദ്യോഗസ്ഥരും മാതൃകയാക്കി.
കിഫ്ബിയുടെ നിരവധി വഴിവിട്ട ഇടപാടുകളിൽ സംരക്ഷണം ആവശ്യം ഉള്ളതിനാൽ കെ.എം. ഏബ്രഹാമിനെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. അദ്ദേഹത്തെ ഉടൻ പുറത്താക്കണം. പിആർഡിയുടെ പിആർ ജോലികൾ അനധികൃതമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ മകന്റെ കന്പനിക്കു നല്കിയതിനെതിരേ നടപടി പോയിട്ട് അന്വേഷണംപോലുമില്ല.
ഇന്റലിജൻസ് എഡിജിപി പി. വിജയനെതിരേ എഡിജിപി എം.ആർ. അജിത്കുമാർ വ്യാജമൊഴി നല്കിയതിന് കേസെടുക്കണമെന്ന് പോലീസ് മേധാവി ഉത്തരവിട്ടിട്ടു മൂന്നു മാസമായെങ്കിലും മുഖ്യമന്ത്രിക്ക് അനക്കമില്ല. മുനന്പം ജനതയെ ബിജെപിയും സിപിഎമ്മും പച്ചയ്ക്കു പറഞ്ഞ് കബളിപ്പിച്ചു എന്നു യോഗം ചൂണ്ടിക്കാട്ടി. ആശാ വർക്കർമാരുമായി ഉടനടി ചർച്ച നടത്തി സമരം ഒത്തുതീർപ്പാക്കണം.
അഹമ്മദാബാദ് എഐസിസി സമ്മേളനത്തിന്റെ പ്രമേയം ഇന്നു നടന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
പ്രമേയത്തിന്റെ മലയാളം പരിഭാഷ എല്ലാവർക്കും വിതരണം ചെയ്തു. സംസ്ഥാനത്ത് 8000 കുടുംബസംഗമങ്ങൾ പൂർത്തിയായി. ബാക്കിയുള്ളത് ഉടനെ പൂർത്തിയാക്കുമെന്നു യോഗത്തിൽ അറിയിച്ചു.
നെല്ലു സംഭരിക്കാനും പണം നല്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.