ഞെട്ടിപ്പിക്കുന്ന കാഴ്ച!
Thursday, April 17, 2025 2:09 AM IST
ഫാ. ജോഷി മയ്യാറ്റിൽ
ലോകത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ച ഒരു നാടകീയ കൃത്യം - അതാണ് താലത്തിൽ വെള്ളമെടുത്ത്, വെൺകച്ച അരയിൽ ചുറ്റി, യേശു നടത്തിയ പാദക്ഷാളനം! അതു വെറും ഒരു നാടകമായിരുന്നില്ല; യേശു എന്ന ദൈവ-മനുഷ്യന്റെ ജീവിതത്തിന്റെയും പ്രബോധനങ്ങളുടെയും പരാർഥമുള്ള സ്വയബലിയുടെയും രത്നച്ചുരുക്കപ്രതീകം തന്നെയായിരുന്നു.
വർഷം രണ്ടായിരം കഴിഞ്ഞിട്ടും ആ പ്രവൃത്തിയുടെ മൂർച്ച തെല്ലും തേഞ്ഞുപോയിട്ടില്ല. ആരെയും അമ്പരപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്യുന്ന കാഴ്ചയായി ഇന്നും അതു തുടരുന്നു.
റുവാണ്ടൻ വംശഹത്യയ്ക്കു ശേഷം, സഭയുടെ നേതൃത്വത്തിലുള്ള ചില അനുരഞ്ജന ശ്രമങ്ങളിൽ, കുറ്റവാളികൾ അതിജീവിച്ചവരുടെ കുടുംബാംഗങ്ങളുടെ പാദങ്ങൾ കഴുകിയത് ആത്മാർഥത നിറഞ്ഞ തോരാ കണ്ണീർ മഴയോടെ ആയിരുന്നു. റോമിലെ ജയിലറകളിൽ കുറ്റവാളികളുടെ കാൽ കഴുകി ചുംബിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ ചിത്രം ഈറനണിയിക്കാത്ത നയനങ്ങളില്ലല്ലോ.
1960കളിൽ പൗരാവകാശ പ്രകടനങ്ങളിൽ, ചില പ്രവർത്തകർ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി പരസ്പരം കാൽ കഴുകി. കുടിയേറ്റക്കാരുടെ ദുഷ്കരമായ യാത്രകളെ ആദരിക്കുന്നതിനും അവരുടെ മനുഷ്യത്വം ഉറപ്പിക്കുന്നതിനുമായി യുഎസ്-മെക്സിക്കോ അതിർത്തിയിൽ കുടിയേറ്റ അവകാശ പ്രസ്ഥാനങ്ങൾ, കാൽ കഴുകുന്ന ചടങ്ങുകൾ നടത്തിയിട്ടുണ്ട്.
കാനഡയിലും ഓസ്ട്രേലിയയിലും പള്ളികളും തദ്ദേശീയ സമൂഹങ്ങളും തമ്മിലുള്ള ചില അനുരഞ്ജന ചടങ്ങുകളിൽ ചരിത്രപരമായ തെറ്റുകൾ അംഗീകരിക്കുന്നതായും ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ ബന്ധങ്ങളോടുള്ള പ്രതിബദ്ധതയായും കാൽ കഴുകൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ആചാരം ചിലപ്പോഴെങ്കിലും ക്രിസ്തീയ വേദികൾ മറികടന്ന് ശക്തമായ നയതന്ത്ര ചിഹ്നമായിപ്പോലും മാറുന്നുണ്ട്.
2000ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധ നാട്ടിലേക്കുള്ള തീർത്ഥാടനവേളയിൽ മുസ്ലീം, ഓർത്തഡോക്സ്, ജൂത നേതാക്കളുടെ പാദങ്ങൾ കഴുകി ചുംബിച്ചത് മറക്കാൻ ലോകത്തിനാകും എന്നു തോന്നുന്നില്ല.
2019ൽ ദക്ഷിണ സുഡാനിലെ പ്രസിഡന്റ് സൽവാ കീറിനെയും റിബൽ നേതാവ് റീക് മഖാറിനെയും വത്തിക്കാനിലേക്കു വിളിച്ചു വരുത്തി, അവരുടെ പാദങ്ങളിൽ വീണു ചുംബിച്ചുകൊണ്ട് സമാധാനം സംസ്ഥാപിക്കാൻ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ട രംഗം യേശുവിന്റെ പാദക്ഷാളനത്തിന്റെ സമകാലിക ആഖ്യാനമാണ്.
പാദക്ഷാളനത്തിനു ശേഷം, “നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം” (യോഹന് 13:14) എന്നു കല്പിച്ചവൻ എത്ര വലിയ വെല്ലുവിളിയാണ് നമുക്കു മുന്നിൽ ഉയർത്തിയിരിക്കുന്നത്!