മരണം കാട്ടാനയാക്രമണത്തിലെന്നു സമ്മതിക്കാൻ മടിച്ച് വനംവകുപ്പ്
Wednesday, April 16, 2025 3:09 AM IST
തൃശൂർ: അതിരപ്പിള്ളി വനമേഖലയിൽ കാടർ ആദിവാസി ഉന്നതിയിലെ സതീഷ്, അംബിക എന്നിവർ മരിച്ചതു കാട്ടാനയുടെ ആക്രമണത്തിലാണെന്നു സമ്മതിക്കാൻ മടിച്ച് വനംവകുപ്പ്.
അതിരപ്പിള്ളി പ്രദേശത്തും സമീപങ്ങളിലും വനമേഖലയിലുണ്ടായ അസാധാരണമരണങ്ങളിൽ റിപ്പോർട്ട് നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനു മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകി.
ഇരുവരും കൊല്ലപ്പെട്ടതിൽ സംശയമുണ്ടെന്ന മന്ത്രിയുടെ വാർത്താക്കുറിപ്പ് വൻപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിഷയം പോലീസ് അന്വേഷിക്കുകയാണെന്നും മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും സംശയാസ്പദമായ സാഹചര്യത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയതെന്നുമാണ് വനംമന്ത്രിയുടെ ഓഫീസ് ഇന്നലെ രാവിലെ വ്യക്തമാക്കിയത്.
മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ഇന്നലെ രാവിലെ വനംവകുപ്പ് അധികൃതരും പറഞ്ഞു.
വനംവകുപ്പ് അധികൃതർ നൽകിയ റിപ്പോർട്ടും ഇത്തരത്തിലായിരുന്നു. ഇരുവരും കൊല്ലപ്പെട്ടതു കാട്ടാനയുടെ ആക്രമണത്തിലാണെന്നും മഞ്ഞക്കൊന്പനാണ് അക്രമകാരിയെന്നും നാട്ടുകാരും പ്രദേശവാസികളും തറപ്പിച്ചുപറഞ്ഞിട്ടും ഉദ്യോഗസ്ഥർ നിലപാടു മാറ്റാതിരുന്നതു പ്രതിഷേധത്തിനും ഇടയാക്കി.