ഫാ. ഹെന്റി പട്ടരുമഠത്തില്‍ എസ്ജെ ഈശോസഭ പ്രൊവിന്‍ഷ്യല്‍
Thursday, April 17, 2025 2:08 AM IST
കോഴിക്കോട്: ഈശോസഭയുടെ കേരള പ്രവിശ്യയുടെ പുതിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ. ഹെൻറി പട്ടരുമഠത്തിലിനെ ഈശോസഭാ സുപ്പീരിയര്‍ ജനറല്‍ ഫാ. അര്‍ത്തൂറോ സോസ നിയമിച്ചു. 2025 ജൂണില്‍ അദ്ദേഹം സ്ഥാനമേല്‍ക്കും.
വരാപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി ഇടവകയില്‍ പരേതരായ പി.ടി. ജോര്‍ജ്-കാതറിന് ദമ്പതികളുടെ മകനായി 1964 ല്‍ ജനിച്ച ഹെന്റി 1986ല്‍ ഈശോസഭയില്‍ ചേര്‍ന്നു. കോഴിക്കോട്, ഡിണ്ടിഗല്‍, കാലടി, പൂന എന്നിവിടങ്ങളിലായി പഠനവും ഈശോസഭ പരിശീലനവും പൂര്‍ത്തിയാക്കിയശേഷം 1995 ല്‍ വൈദികനായി.
റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് നേടിയ ഫാ. ഹെൻറി കാലടി സമീക്ഷയിലെ ഇന്ത്യന്‍ സ്പിരിച്ച്വാലിറ്റി സെന്ററിന്റെ സുപ്പീരിയര്‍, പ്രഫസര്‍, ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തു.
ഏറെക്കാലമായി റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഫസറാണ്. നിലവില്‍ ഈ സ്ഥാപനത്തിന്റെ ഡീന്‍ ആയും പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷനിലെ അംഗമായും ഫാ. ഹെന്റി പട്ടരുമഠത്തില്‍ സേവനം ചെയ്തു വരുന്നു.