മുത്തൂറ്റ് ഇന്‍ഷ്വറന്‍സ് തട്ടിപ്പ്; മുന്‍ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു
Thursday, April 17, 2025 2:08 AM IST
കൊച്ചി: മുത്തൂറ്റ് ഇന്‍ഷ്വറന്‍സ് ബ്രോക്കേഴ്സ് തട്ടിപ്പുകേസില്‍ കുറ്റക്കാരായ രണ്ടു പ്രതികളുടെയും ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി.
കമ്പനിയുടെ മുന്‍ സിഇഒ തോമസ് പി. രാജന്, മുത്തൂറ്റ് ഫിനാന്‍സിലെ ബിസിനസ് പെര്‍ഫോമന്‍സ് (സൗത്ത്) വിഭാഗം മുന്‍ സിജിഎം രഞ്ജിത് കുമാര്‍ രാമചന്ദ്രന് എന്നിവരെയാണു ചോദ്യം ചെയ്തത്.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണു പ്രതികള്‍ സൗത്ത് പോലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥർ മുന്‍പാകെ ഹാജരായത്.
ഈ മാസം 15, 16 തീയതികളില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി 22നു മുന്‍പ് പോലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു കോടതി നിര്‍ദേശം നല്‍കിയത്. അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചശേഷം പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. അതുവരെ പ്രതികളുടെ അറസ്റ്റും വിലക്കിയിട്ടുണ്ട്.
മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയുടെ ഭാഗമായ മുത്തൂറ്റ് ഇന്‍ഷ്വറന്‍സ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സഹസ്ഥാപനത്തില്നിന്ന് 11.92 കോടി രൂപ തട്ടിയെടുത്തുവെന്നാണു കേസ്. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും സ്ഥാപനത്തില്‍നിന്നു സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
മുത്തൂറ്റിലെ ജീവനക്കാര്‍ക്കു നല്‍കേണ്ട ആനുകൂല്യങ്ങളിലുള്പ്പെടെയാണു തിരിമറി കണ്ടെത്തിയത്. 2023 ഏപ്രിലിനും 2024 നവംബറിനും ഇടയിലാണ് കുറ്റകൃത്യം നടന്നത്.