മണൽ മൂടി മുതലപ്പൊഴി; മത്സ്യബന്ധനം നിലച്ചു, പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ
Wednesday, April 16, 2025 3:09 AM IST
തിരുവനന്തപുരം: കൃത്യമായ ഇടവേളകളിൽ മുതലപ്പൊഴിയിലെ മണൽ നീക്കം ചെയ്യാത്തതിനെത്തുടർന്ന് അഴിമുഖത്ത് പൂർണമായും മണൽ മൂടിയതോടെ മത്സ്യബന്ധം നിലച്ചു. ഇതോടെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി മത്സ്യബന്ധനം നടത്താൻ കഴിയാത്ത സാഹചര്യമാണു നിലവിലുള്ളത്. അഴിമുഖത്തെ മണൽ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പലവട്ടം ഫിഷറീസ് മന്ത്രി സജി ചെറിയാന് ഉൾപ്പെടെ പരാതി നല്കിയിട്ടും നടപടികൾ ഒന്നുമുണ്ടായില്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു.
മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ മുൻനിർത്തി നിരവധി സമരങ്ങൾ മുതലപ്പൊഴിയിലും സെക്രട്ടേറിയറ്റിനു മുന്നിലും പലപ്പോഴായി നടന്നിട്ടുണ്ട്. എന്നാൽ, പ്രതിഷേധങ്ങൾ തണുപ്പിക്കാനായി അപ്പപ്പോൾ ഓരോ വാഗ്ദാനങ്ങൾ നൽകി മത്സ്യത്തൊഴിലാളികളെ പറ്റിക്കുന്ന അവസ്ഥയാണ് അധികൃതർ കൈക്കൊള്ളുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇപ്പോൾ അഴിമുഖം പൂർണമായി മണൽത്തിട്ട രൂപപ്പെട്ട സ്ഥിതിയിലാണ്.
ഒരുവശത്ത് ഡ്രഡ്ജിംഗ് നടക്കുന്നതിനിടെയാണ് ഇത്തരത്തിൽ മണൽത്തിട്ടകൾ രൂപംകൊള്ളുന്നതെന്നതാണു മറ്റൊരു ശ്രദ്ധേയമായ കാര്യം. അഴിമുഖത്തുനിന്നു കടലിലേക്ക് വള്ളമിറക്കാൻ അഴിമുഖത്ത് തൊണ്ണൂറു മീറ്റർ വീതിയും ആറു മീറ്റർ ആഴവുമാണു വേണ്ടത്. എന്നാൽ, ഇപ്പോൾ അഴിമുഖം പൂർണമായും മണൽ അടിഞ്ഞൂകൂടിയ നിലയിലാണ്. മണൽ നീക്കം ചെയ്യാത്ത നടപടിക്കെതിരേ ഇന്നലെയും വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
കോണ്ഗ്രസ് പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ പെരുമാതുറ മുതലപ്പൊഴി തുറമുഖ ഓഫീസ് താഴിട്ട് പൂട്ടുകയും റീത്ത് വച്ച് പ്രതിഷേധിച്ചു. ഇന്നലെ രാവിലെ സമരാനുകൂലികൾ ഹാർബർ എൻജിനിയറുടെ ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടത്തിയ ശേഷമാണ് ഓഫീസ് താഴിട്ട് പൂട്ടി റീത്ത് വച്ചത്.
സർക്കാരിന്റെയും തുറമുഖ വകുപ്പിന്റെയും അനാസ്ഥയാണു മുതലപ്പൊഴി ഹാർബറിൽ മണൽ അടിഞ്ഞു കൂടാൻ കാരണമായതെന്നും അതുവഴി മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലായതെന്നും ഐൻടിയുസി നേതാവ് കെ.ആർ. അഭയൻ പറഞ്ഞു.
മുതലപ്പൊഴി അഴിമുഖത്ത് മണൽ നീക്കംചെയ്യാത്തതിനെതിരേ സിഐടിയുവും പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രി സജി ചെറിയാനെതിരേ സിഐടിയു പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. തിരുവനന്തപുരം നഗരത്തിൽ മന്ത്രി സജി ചെറിയാന്റെ വസതിയിലേക്ക് യൂത്ത് കോണ്ഗ്രസ് മാർച്ച് നടത്തി.