തേൻ ശേഖരിക്കാൻ രണ്ടാമതും കാടുകയറിയപ്പോൾ ദുരന്തം
Wednesday, April 16, 2025 3:09 AM IST
അതിരപ്പിള്ളി: വാഴച്ചാൽ കാടർ ഉന്നതിയിൽ നാലുപേർ കാട്ടാനയുടെ ആക്രമണത്തിന് ഇരയായതു കാട്ടുതേൻ ശേഖരിച്ചു മടങ്ങിയതിനുപിന്നാലെ. ഒരാഴ്ചമുന്പാണ് ഇവർ തേൻ ശേഖരിക്കാൻ കാടുകയറിയത്. 13നു വൈകുന്നേരം ഏഴിനു തേൻ അതിരപ്പിള്ളിയിലെ കടയിലെത്തിച്ചശേഷം മടങ്ങുകയായിരുന്നു.
സതീഷ് (36), അംബിക (42), സതീഷിന്റെ ഭാര്യ രമ (29), അംബികയുടെ ഭർത്താവ് രവി എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. ഒരാഴ്ചയായി ചാലക്കുടിപ്പുഴയ്ക്കരികിലുള്ള പാറക്കെട്ടിൽ ടാർപോളിൻകൊണ്ടുള്ള താത്കാലിക ടെന്റ് കെട്ടി വിശ്രമിക്കുന്പോഴാണ് കാട്ടാനകൾ കൂട്ടമായെത്തിയത്. ഭക്ഷണസാമഗ്രികളടക്കം ആനക്കൂട്ടം തകർത്തു. ഇതിനുമുന്പുള്ള ദിവസങ്ങളിലൊന്നും ഇവിടെ ആനയുടെ സാന്നിധ്യമുണ്ടായിരുന്നില്ല.
അതിരപ്പിള്ളിയിൽനിന്ന് ഏതാനും കിലോമീറ്റർമാത്രം അകലെയുള്ള നാട്ടുകാർ "കമത്ത്' എന്നുവിളിക്കുന്ന സ്ഥലത്താണ് സംഭവം. പകൽ ഇവിടെ വനസംരക്ഷണസമിതിയുടെ (വിഎസ്എസ്) പ്രവർത്തകരുണ്ടാകും. രാത്രിയോടെ ഇവർ മടങ്ങും. തേൻ ശേഖരിക്കുന്നവർ രാത്രിയിൽ തീകൂട്ടി വിശ്രമിക്കാറാണ് പതിവ്. മഴയിൽ തീകെട്ടതു ടെന്റിനുള്ളിലുള്ളവർ അറിഞ്ഞില്ല.
അപകടമുണ്ടായ പാറക്കെട്ടിനുചുറ്റും വെള്ളമായതിനാലാണ് ആനകളെത്തുന്ന ശബ്ദം കേൾക്കാതിരുന്നതെന്ന് മരിച്ച സതീഷിന്റെ ഭാര്യ രമ പറഞ്ഞു. ആനയുടെ അടിയേറ്റ് അംബിക വെള്ളക്കെട്ടിലേക്കു വീണു. പാറക്കെട്ടിലേക്കുവീണ സതീഷിന്റെ തലയുടെ ഇടതുഭാഗത്താണ് ആന ചവിട്ടിയത്. കാലിലെ തൊലി അടർന്നുപോയി.
ആനയുടെ അടിയേറ്റു രമ വെള്ളത്തിൽവീണെങ്കിലൂം നീന്തിരക്ഷപ്പെട്ടു. രവിക്കുപിന്നാലെയും ആനയെത്തിയെങ്കിലും ഉടുമുണ്ടിൽമാത്രമാണ് പിടിത്തംകിട്ടിയത്. നീന്തുന്നതിനിടെ തനിക്കുപിന്നാലെ ആനയെത്തിയെന്നും തോളെല്ലിനു പരിക്കേറ്റെന്നും രമ പറഞ്ഞു.
രവിയുടെയും രമയുടെയും കൈയിലുണ്ടായിരുന്ന ഫോണ് നഷ്ടപ്പെട്ടതിനാലാണ് സംഭവം പുറത്തേക്ക് അറിയാൻ വൈകിയതെന്നാണു വിവരം. കാട്ടിലേക്കു രക്ഷപ്പെട്ട ഇരുവരും ഇന്നലെ രാവിലെ മടങ്ങിയെത്തി അതിരപ്പള്ളിയിലെ കടയുടമകളോടു പറഞ്ഞപ്പോഴാണു അധികൃതരും വിവരമറിഞ്ഞത്.