കെഎസ്ഇബി പെന്ഷന് പ്രായം ; ഉടന്‍ തീരുമാനമെടുക്കണമെന്ന് സർക്കാരിനോടു ഹൈക്കോടതി
Thursday, April 17, 2025 2:09 AM IST
കൊച്ചി: പെന്ഷന് പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച് കെഎസ്ഇബി നല്കിയ ശിപാര്‍ശയില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
അല്ലാത്തപക്ഷം ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജൂണ്‍ മൂന്നിന് കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നും ജസ്റ്റീസ് ഡി.കെ. സിംഗ് ഉത്തരവിട്ടു. കേരള പവര്‍ ബോര്‍ഡ് ഓഫീസേഴ്സ് ഫെഡറേഷനും വൈദ്യുതി ബോര്‍ഡിലെ ഒരുകൂട്ടം ജീവനക്കാരും നല്കിയ ഹര്‍ജിയിലാണു നിര്‍ദേശം.
കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ സേവന-വേതന പരിഷ്കരണം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2023ല്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.
വൈദ്യുതി ബോര്‍ഡില്‍ വിരമിക്കല്‍ പ്രായം 56ല്‍ നിന്ന് 58 ആക്കണമെന്ന ശിപാര്‍ശയാണു വിദഗ്ധസമിതിക്ക് കെഎസ്ഇബി നല്‍കിയത്. എന്നാല്‍, സമിതിയുടെ തീരുമാനം നീളുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് മേയ് 31ന് വിരമിക്കേണ്ട ജീവനക്കാരടക്കം കോടതിയെ സമീപിച്ചത്.