മാസപ്പടി കേസ്: അസംബന്ധം എഴുന്നള്ളിക്കരുതെന്ന് മുഖ്യമന്ത്രി
Thursday, April 17, 2025 2:09 AM IST
തിരുവനന്തപുരം: മകൾ വീണാ വിജയന്റെ മാസപ്പടി കേസുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് അസംബന്ധം എഴുന്നള്ളിക്കരുതെന്നു പറഞ്ഞു പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ അവസരം ഉപയോഗിച്ച് അസംബന്ധം എഴുന്നള്ളിക്കാനാണ് വിനിയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾക്കെതിരേയുള്ള ചോദ്യം വരുന്പോൾ മാത്രം എങ്ങനെ അസംബന്ധമാകുമെന്ന തിരിച്ചുള്ള ചോദ്യത്തിനും കൂടുതൽ പ്രകോപനപരമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. തുടർന്നുള്ള ചോദ്യങ്ങൾക്കു കോടതിയുടെ കാര്യങ്ങളിൽ കോടതി തന്നെ നിലപാട് എടുക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഡിജിപിക്ക് വീഴ്ചയുണ്ടെന്ന റിപ്പോർട്ട് തന്റെ പക്കലില്ല
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിനു വീഴ്ചയുണ്ടായെന്ന റിപ്പോർട്ടുകൾ തന്റെ പക്കൽ എത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വീഴ്ചയുണ്ടെന്ന റിപ്പോർട്ട് കണ്ടാൽ അല്ലേ നടപടിയെടുക്കാൻ കഴിയുകയുള്ളൂവെന്നും ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.
എഡിജിപി അജിത് കുമാർ വ്യാജമൊഴി നൽകിയെന്ന റിപ്പോർട്ട് തന്റെ അടുത്തു വരേണ്ടതില്ല.തനിക്ക് അത്തരം ശിപാർശ നൽകേണ്ടതില്ല. വ്യാജ റിപ്പോർട്ടിന് കേസെടുത്താൽ മതിയല്ലോ എന്നും അദ്ദേഹം ചോദിച്ചു.